മുണ്ടക്കയം സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസിന്‍റെ ചില്ല് തകർത്ത നിലയിൽ

സ്റ്റാൻഡിൽ പാർക്ക് ചെയ്ത സ്വകാര്യ ബസിന്‍റെ ചില്ല് തകർത്തു

മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്‍റെ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ എറിഞ്ഞുതകർത്തു. മുണ്ടക്കയം-എരുമേലി റൂട്ടിൽ സർവിസ് നടത്തുന്ന ‘ഹോളി ഫാമിലി’ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകീട്ട് ഏഴു മണിക്ക് സർവിസ് അവസാനിപ്പിച്ച് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്നതാണ് ബസ്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മുൻഭാഗത്തെ ചില്ല് പൂർണമായും തകർത്ത നിലയിൽ കണ്ടത്.

ബസിന്‍റെ സമീപത്തുനിന്ന് ആക്രമണത്തിന് ഉപയോഗിച്ച കല്ലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബസിന്‍റെ സർവിസ് തടസ്സപ്പെട്ടു. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തനിക്ക് ശത്രുക്കളുള്ളതായി അറിയില്ലെന്നും കഴിഞ്ഞ ദിവസം നടന്ന ടൈം ഹിയറിങ്ങിൽ തർക്കമുണ്ടായെന്നും ഇതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ബസ് ഉടമയും ജീവനക്കാരനുമായ ജിസ് ജോസഫ് പറഞ്ഞു.

അതേസമയം, മുണ്ടക്കയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യവും ജീവനക്കാരല്ലാത്തവരുടെ അനാവശ്യ ഇടപെടലുകളും വ്യാപകമാണെന്ന് ബസ് യൂനിയൻ നേതാക്കൾ ആരോപിച്ചു. കുറ്റക്കാരെ ഉടനടി കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Window of Private Bus Parked at Stand Smashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.