വറ്റിവരണ്ട മണിമലയാർ. മുണ്ടക്കയം കോസ്വേയിൽനിന്നുള്ള ദൃശ്യം
കോട്ടയം: വേനൽ കടുക്കുന്നതിനിടെ, ജലനിരപ്പ് കുത്തനെ താഴ്ന്ന് മീനച്ചിലാർ, മണിമലയാറുകൾ. ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. പലയിടത്തും ഇരുനദികളും മുറിഞ്ഞു. മീനച്ചിലാറ്റില്‍ ഭരണങ്ങാനം അമ്പാറയില്‍ നദിയിലെ ഒഴുക്ക് മുറിഞ്ഞു. ചിലയിടങ്ങളിൽ നദിയുടെ അടിത്തട്ട് ദൃശ്യമായിട്ടുണ്ട്. തടയണകളിൽ മാത്രമാണ് ഇപ്പോൾ ജലമെന്നതാണ് സ്ഥിതി. ഇതിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളമാണ് മീനച്ചിലാറ്റിലെ ഇപ്പോൾ ചെറുതോതിലെങ്കിലും ചലിപ്പിക്കുന്നത്.
മേലമ്പാറയില്‍ മീനച്ചിലാർ ചാലായിട്ടാണ് ഇപ്പോൾ ഒഴുകുന്നത്. കളരിയാമ്മാക്കല് തടയണയില്‍നിന്ന് കല്‍ക്കെട്ട് കവിഞ്ഞ് ചെറിയതോതില്‍ ഒഴുക്കുണ്ട്. ആറിന്റെ ഉദ്ഭവകേന്ദ്രങ്ങളായ തീക്കോയി പുഴയിലും പൂഞ്ഞാറ്റിലും പേരിനുമാത്രമാണ് നദിയിൽ ജലസാന്നിധ്യം. പാലാ നഗരത്തിലെത്തുമ്പോള്‍ വലിയപാലത്തിന്റെ അടിഭാഗത്തെ കല്ക്കെട്ടുകളുടെ നിരപ്പിന് താഴെയാണ് വെള്ളം. എന്നാല്‍, കല്ക്കെട്ടുകളുടെ ഇടയിലൂടെ വെള്ളം എത്തുന്നതിനാല്‍ ഒഴുക്ക് നിലച്ചിട്ടില്ല. അതേസമയം, കോട്ടയം നഗരത്തോട് ചേർന്ന ഭാഗങ്ങളിലും കുമ്മനം, താഴത്തങ്ങാടി ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും മീനച്ചിലാർ മെലിഞ്ഞുതുടങ്ങിയിട്ടില്ല.
തോടുകളില്‍ നീരൊഴുക്ക് ഇല്ലാതായതോടെ മണിമലയാറ്റിലെ ജലനിരപ്പും താഴ്ന്നു. മണിമലയാറ്റില്‍ മുണ്ടോലിക്കടവില് മണല്‍തിട്ടകൾ രൂപപ്പെട്ടു. തടയണകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പാറക്കെട്ടുകളും മണല്പരപ്പും തെളിഞ്ഞിട്ടുണ്ട്. മൂലേപ്ലാവ്, ഏറത്തുവടകര, മുണ്ടോലിക്കടവ് ഭാഗങ്ങളില്‍ നീരൊഴുക്ക് കുറവാണ്.
നദികളിലെ വെള്ളം കുറഞ്ഞത് കാർഷികമേഖലയെയും ബാധിക്കുന്നുണ്ട്. കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. പലയിടത്തും കിണറുകൾ വറ്റി. മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകളുടെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മറ്റ് മലയോര പഞ്ചായത്തുകളിലും ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ടാങ്കറുകളിൽ ജലവിതരണവും സജീവമായിട്ടുണ്ട്. ഇവരിൽനിന്ന് പണംവാങ്ങി കുടിവെള്ളം വാങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയാറിലും ജലനിരപ്പില്‍ കുറവുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളായ മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് വാട്ടര്‍ അതോറിറ്റി അധികൃതരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ നദികളിലാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള കിണറുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ചൂട് ഇതേ രീതിയിൽ തുടർന്നാൽ പലയിടത്തും പമ്പിങ് അവതാളത്തിലാകാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.