കോട്ടയം: കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകുന്ന ചമ്പക്കുളം മൂലം വള്ളംകളി ജൂലൈ മൂന്നിന് നടക്കും. ഇതിന്റെ ആവേശത്തിലാണ് കുമരകമടക്കമുള്ള ജില്ലയുടെ പടിഞ്ഞാറൻ മേഖല. കുമരകത്ത് പരിശീലനത്തുഴച്ചിലിനും തുടക്കമായി. കോട്ടയം ജില്ലയിൽനിന്നുള്ള രണ്ടുചുണ്ടൻ വള്ളങ്ങളാണ് ചമ്പക്കുളത്തിന്റെ ആവേശത്തിനൊപ്പം തുഴയെറിയാൻ ഒരുങ്ങുന്നത്.
ചമ്പക്കുളം വള്ളംകളിയുടെ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് ക്ലബുകൾ ടീം തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. പ്രധാന ക്ലബുകളെല്ലാം ചുണ്ടൻ വള്ളസമിതികളുമായി കരാറിലുമെത്തി. ജില്ലയിൽനിന്നുള്ള കുമരകം ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും കൈപ്പുഴമുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബ് നിരണം ചുണ്ടനിലുമാണ് തുഴയെറിയുന്നത്.
നെഹ്റു ട്രോഫി ജലോത്സവത്തിലും ചാമ്പ്യൻസ് ബോട്ട് ലീഗിലും വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് വീയപുരം ചുണ്ടനുമായി കരാറിലെത്തി. കേരള പൊലീസ് ബോട്ട് ക്ലബാണ് ഇത്തവണത്തെ കാട്ടിൽ തെക്കേതിൽചുണ്ടൻ തുഴയുക. വി.ബി.സി കൈനകരി കാരിച്ചാൽ ചുണ്ടനുമായും യു.ബി.സി നടുഭാഗം ചുണ്ടനുമായും കരാറിലെത്തി. കുട്ടനാട് റോവിങ് അക്കാദമി ടീമാണ് പുത്തൻചുണ്ടനായ തലവടി ചുണ്ടനെ നയിക്കുക.
ജൂലൈ മൂന്നിന് ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്ന മൂലം ജലോത്സവത്തിൽ ആറു ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 12 വള്ളങ്ങളാകും മത്സരിക്കുക.
ഇതിനുള്ള മുന്നൊരുക്കത്തിലാണ് കുമരകത്തെ ബോട്ട് ക്ലബുകൾ. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരിശീലനം പുരോഗമിക്കുകയാണ്. ഒരു മാസത്തോളം നീളുന്നതാണ് പരിശീലന കാലയളവ്. മത്സരങ്ങൾക്കിറങ്ങാത്ത വള്ളങ്ങളിലാണ് പരിശീലനം നടക്കുക. അതിരാവിലെ വ്യായാമത്തോടെ ആരംഭിക്കുന്ന പരിശീലനം രണ്ടു മണിക്കൂറോളം നീളും. വൈകീട്ടും പരിശീലനത്തുഴച്ചിലുണ്ടാകും. ഒരു ടീമിൽ 120 മുതൽ 140വരെ അംഗങ്ങളുണ്ടാകും.
കുമരകം ടൗൺ ബോട്ട് ക്ലബ് ടീം പഴയ ചെറുതന ചുണ്ടനിലാണ് പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തേ തുഴച്ചിലുകാർക്ക് കായിക പരിശീലനവും വെള്ളത്തിൽ പടങ്ങുകെട്ടിയുള്ള തുഴച്ചിലും നടത്തിയിരുന്നു.
വള്ളംകളിക്ക് രണ്ടുദിവസം മുമ്പ് ചമ്പക്കുളം ചുണ്ടൻ എത്തിച്ച് ടീം പരിശീലനത്തുഴച്ചിൽ നടത്തും. ചമ്പക്കുളത്തെ കഴിഞ്ഞ വർഷത്തെ ജേതാവാണ് ചമ്പക്കുളം ചുണ്ടൻ. പൊലീസ് ക്ലബാണ് അന്ന് തുഴഞ്ഞത്. ജില്ലയിൽനിന്നുള്ള ചുണ്ടൻവള്ളങ്ങൾക്ക് പുറമെ, വെപ്പ് ഒന്നാം വിഭാഗത്തിൽ സമുദ്ര ബോട്ട് ക്ലബിന്റെ പുത്തൻ വള്ളമായ നവജ്യോതി, ആർപ്പൂക്കര ബോട്ട് ക്ലബിന്റെ കടവിൽ സെന്റ് ജോർജ്, ഇരുട്ടുകുത്തി എ ഗ്രേഡിൽ അയ്മനം ഡ്രീം ക്യാച്ചേഴ്സിന്റെ മാമ്മൂടൻ വള്ളവും മത്സരത്തിൽ പങ്കെടുക്കും. ജില്ലയിലെ പ്രധാന വള്ളംകളികൾക്ക് ആഗസ്റ്റ് 30നാണ് തുടക്കം. 30ന് കവണാർ ടൂറിസം ജലമേളയും 31 ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയും നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെട്ടിട്ടുള്ള താഴത്തങ്ങാടി വള്ളംകളിയുടെ തീയതി തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.