തിരുനക്കരയിലെ പുനരധിവാസം; വ്യാപാരികൾ കോടതിയലക്ഷ്യം നൽകും
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ താൽക്കാലിക പുനരധിവാസം സംബന്ധിച്ച് കോടതിയിൽ കൈമലർത്തി മുനിസിപ്പാലിറ്റി. ഒരു മാസം സമയം കിട്ടിയിട്ടും കൗൺസിൽ തീരുമാനം ആയില്ലെന്നാണ് മുനിസിപ്പാലിറ്റി കോടതിയെ അറിയിച്ചത്. ഇതോടെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോവാനാണ് വ്യാപാരികളുടെ തീരുമാനം.
കൗൺസിൽ ചേരണമെന്ന കാരണം പറഞ്ഞു നടപടി വൈകിക്കാനാണ് മുനിസിപ്പാലിറ്റിയുടെ നീക്കമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താൽക്കാലിക പുനരധിവാസം നൽകാൻ കഴിഞ്ഞ മാസം 17 നാണ് ഹൈകോടതി അനുമതി ലഭിച്ചത്. 2022 ലെടുത്ത കൗൺസിൽ തീരുമാനം നടപ്പാക്കാനാണ് കോടതി സെക്രട്ടറിയോട് നിർദേശിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളും മർച്ചന്റ്സ് അസോസിയേഷനും സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
സ്റ്റാൻഡിൽ നിർമിക്കാനുദ്ദേശിക്കുന്ന താൽക്കാലിക ഷെഡിന്റെ പ്ലാനും കൈമാറി. എന്നാൽ, നടപടിയുണ്ടായിട്ടില്ല. കെട്ടിടം പൊളിക്കുന്നതിനുമുമ്പ്, 2022 നവംബർ 10നു ചേർന്ന കൗൺസിൽ യോഗത്തിൽ സ്റ്റാൻഡിൽ താൽക്കാലിക കടമുറി നിർമിക്കുന്നതിന് അനുമതി നൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നു.
എന്നാൽ കെട്ടിടം പൊളിച്ചുകഴിഞ്ഞപ്പോൾ അധികൃതർ ഇക്കാര്യം മറന്നു. കൗൺസിൽ തീരുമാനം നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് മർച്ചന്റ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് വ്യാപാരികളുടെ ചെലവിൽ ഷെഡ് നിർമിക്കാമെന്നും പുതിയ കെട്ടിടം വരുമ്പോൾ സ്വന്തം ചെലവിൽ തന്നെ ഷെഡ് നീക്കണമെന്നുമായിരുന്നു കോടതി നിർദേശം.
2022 ആഗസ്റ്റ് മൂന്നിനാണ് കെട്ടിടത്തിലെ 52 കട ഒഴിപ്പിച്ചത്. ഇതിൽ അഞ്ചുപേർക്കും ഒരു ബാങ്കിനും നാഗമ്പടത്ത് കടമുറി അനുവദിച്ചു. ഒരാൾ മരിച്ചു. രണ്ടുപേർ കടമുറി വേണ്ടെന്ന് പറഞ്ഞു. ബാക്കി 37 പേർക്കുവേണ്ടിയാണ് കോടതിയിൽ പോയത്. സെപ്തംബർ 14നാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.