മാക്കുപാറയിൽ കുടിവെള്ളമെത്തിക്കാൻ നാട്ടുകാർ പിരിവെടുത്ത് സ്ഥാപിച്ച ടാങ്ക് കാടുകയറിയ നിലയിൽ
ജലക്ഷാമത്തിന്റെ രൂക്ഷതയും ദുരിതവും പല പ്രദേശങ്ങളിൽ പല രൂപങ്ങളിലാണ്. ചിലയിടങ്ങളിൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം വില കൊടുത്ത് വാങ്ങണം. ചിലയിടങ്ങളിൽ വില കൊടുത്താൽപോലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ.
മറ്റ് ചിലയിടങ്ങളിൽ ഒന്നിലേറെ പദ്ധതികൾ നടപ്പാക്കിയിട്ടും കുടിവെള്ളക്ഷാമത്തിന് അറുതിയില്ല. പദ്ധതികളുടെ പേരിൽ പണമേറെ ഒഴുക്കിയിട്ടും വീട്ടുമുറ്റങ്ങളിലേക്ക് വെള്ളമെത്തിയില്ല എന്നതാണ് പലയിടത്തും നാട്ടുകാർക്ക് പങ്കുവെക്കാനുള്ള ദുരനുഭവം.
വേനലിലും മഴക്കാലത്തും വില കൊടുത്താൽ മാത്രം കുടിവെള്ളം കിട്ടുന്ന സ്ഥലമാണ് കുട്ടിക്കാനം ജങ്ഷനും പരിസര പ്രദേശങ്ങളും. ഇത് മൂലം വ്യാപാരികളും പ്രദേശവാസികളും ഒന്നുപോലെ കഷ്ടത അനുഭവിക്കുന്നു. ജലവിതരണ അതോറിറ്റിയുടെ ഹെലിബേറിയ കുടിവെള്ള പദ്ധതിയിൽനിന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുട്ടിക്കാനം ജങ്ഷനിൽ വെള്ളം ലഭ്യമല്ല. എല്ലാ സ്ഥാപനങ്ങളിലും ജല അതോറിറ്റിയുടെ കണക്ഷൻ ഉണ്ടെങ്കിലും പേരിന് മാത്രമേ വെള്ളം കിട്ടാറുള്ളൂ. പ്രതിദിനം 1500 രൂപയോളം മുടക്കി വെള്ളം വിലയ്ക്ക് വാങ്ങിയാണ് കുട്ടിക്കാനം ജങ്ഷനിലെ ഹോട്ടലുകളും കോഫി ബാറുകളും പ്രവർത്തിക്കുന്നത്.
ഇവിടെ കുടിവെള്ള വിതരണത്തിന് 2000 മുതൽ ത്രിതല പഞ്ചായത്തുകൾ ലക്ഷങ്ങളാണ് ചെലവഴിച്ചത്. പൈപ്പ് ലൈൻ, ടാങ്ക്, കുളം എന്നിവ നിർമിച്ചെങ്കിലും ജലവിതരണം നാമമാത്ര ദിവസങ്ങളിലാണ് നടന്നത്. ഐ.എച്ച്.ആർ.ഡി കോളജിന് സമീപം നിർമിച്ച കുളത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിലും പമ്പിങ് മുടങ്ങി കിടക്കുകയാണ്.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വിവിധ വർഷങ്ങളിൽ പൈപ്പ് ലൈൻ നിർമിക്കാൻ ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ, ഗുണനിലവാരമില്ലാത്ത ജി.ഐ പൈപ്പുകൾ ഉപയോഗിച്ചതിനാൽ ആദ്യ പമ്പിങ്ങിൽ തന്നെ പലതും പൊട്ടി. ശേഷിച്ചവ ക്രമേണ തുരുമ്പെടുത്ത് നശിച്ചു. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മാക്കുപാറയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പത്ത് വർഷത്തിനിടെ 15 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. വേനലായാൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോമ്പാറക്കടുത്തുള്ള മാക്കുപാറ. കഴിഞ്ഞ 10 വർഷത്തിനിടെ വോട്ടു ചോദിച്ചെത്തിയവരോടെല്ലാം ഇവിടത്തുകാർ ചോദിച്ചത് കുടിവെള്ളം മാത്രമാണ്.
'ജയിച്ചു വന്നാൽ കുടിവെള്ളത്തിന് വേണ്ടി നിങ്ങൾ അലയേണ്ടി വരില്ല' എന്ന മോഹന വാഗ്ദാനത്തിലൊതുങ്ങും സ്ഥാനാർഥികളുടെ ഇടപെടൽ. കുടിവെള്ളം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഈ പാവപ്പെട്ടവരിൽ നിന്ന് പിരിവ് വാങ്ങിയവരുമുണ്ട്. മലയടിവാരത്ത് കുളം നിർമിച്ച് മുകളിലെ ടാങ്കിലേക്ക് പമ്പിങ് നടത്തിയാൽ തീരുന്ന കുടിവെള്ള പ്രശ്നമേ ഇവിടെയുള്ളൂ എന്ന് മാക്കുപാറ നിവാസികൾ പറയുന്നു.
ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താൽപര്യങ്ങളാണ് പരിഹാരം നീണ്ടുപോകാൻ കാരണമെന്നും ഇവർ ആരോപിക്കുന്നു. വേനൽ കടുക്കുന്നതോടെ പഞ്ചായത്ത് ചിലപ്പോൾ വാഹനത്തിൽ കുടിവെള്ളമെത്തിക്കാറുണ്ട്. വാഗ്ദാനങ്ങൾ കേട്ടും പിരിവ് കൊടുത്തും മടുത്ത നാട്ടുകാരുടെ എല്ലാ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.