ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, നഗരസഭാ അധ്യക്ഷൻ അഡ്വ. വി.പി. നാസർ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ആരോഗ്യ മന്ത്രി കെ. മുരളീധരന് നിവേദനം നൽകുന്നു
ഈരാറ്റുപേട്ട: താലൂക്ക് ആശുപത്രി എന്ന പതിറ്റാണ്ടുകളായ സ്വപ്നം സംസ്ഥാന സർക്കാറിന്റെ ഇത്തവണത്തെ ബജറ്റിലെങ്കിലും പൂവണിയുമോ എന്ന ആകാംക്ഷയിലാണ് പൂഞ്ഞാറുകാർ. 30 വർഷത്തിലേറെയായി മാറിവന്ന ജനപ്രതിനിധികളുടെ വാഗ്ദാനമായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പദവി ഉയർത്തി താലൂക്ക് ആശുപത്രിയാക്കും എന്നത്. എന്നാൽ ഇതുവരെയായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയുടെ പ്രഥമ പരിഗണനയിൽ ഇടംപിടിച്ചതും യു.ഡി.എഫ് ഒറ്റക്കെട്ടായി ആവശ്യത്തോടൊപ്പം നിൽക്കുന്നതും ശുഭസൂചനയായി കാണുന്നു. കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ആരോഗ്യ മന്ത്രി കെ. മുരളീധരന് നൽകിയ നിവേദനത്തിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് നഗരസഭ കൗൺസിൽ ജൂൺ ഒന്നിന് ഐകകണ്ഠ്യേന പ്രമേയവും പാസാക്കി. 40 വർഷം മുമ്പ് കിടത്തി ചികിത്സയും പോസ്റ്റ്മോർട്ടവും നടത്തിയിരുന്നതാണ് ഈരാറ്റുപേട്ട സർക്കാർ ആശുപത്രിയിൽ. എല്ലാ ദിവസവും രാവിലെ പ്രവർത്തനം ആരംഭിച്ച് വൈകീട്ട് അടക്കുന്ന രീതിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 17 ആശുപത്രികൾ ഇതിനകം താലൂക്ക് ആശുപത്രിയായി ഉയർത്തിയപ്പോഴും 1.79 ഏക്കർ ഭൂമി സ്വന്തമായുള്ള ഈരാറ്റുപേട്ടയിലെ ആശുപത്രിയെ പരിഗണിച്ചില്ല.
ഗതാഗത സൗകര്യമുള്ള ഒമ്പത് തദ്ദേശസ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട നഗരത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അതിനാൽ കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതോടെ മലയോര മേഖലയായ മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാർ, തലപ്പലം, തിടനാട് എന്നീ പഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാവും. ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായത് കൊണ്ട് അവരുടെ ആരോഗ്യ പരിരക്ഷ കൂടി കണക്കിലെടുത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ 2019ൽ ഉത്തരവിട്ടത്.
2020ൽ ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കാണിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പ്രോപ്പോസൽ സർക്കാറിന് കൈമാറിയിട്ടുണ്ട്. ജില്ല പഞ്ചായത്തും ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈകോടതി 2021 ജനുവരി 18ന് താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവുകളൊന്നും നടപ്പായില്ലെന്നും നിവേദനത്തിൽ പറയുന്നു.
ജില്ലയിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മാത്രമാണ് താലൂക്കാശുപത്രി ഇല്ലാത്തത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇല്ല്യാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനസ് നാസർ, കോൺഗ്രസ് നേതാക്കളായ പി.എച്ച്. നൗഷാദ്, നഗരസഭ കൗൺസിലർ ഷിയാസ് സി.സി.എം, മുസ്ലിം ലീഗ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം, ജനറൽ സെക്രട്ടറി കെ.എ. മാഹിൻ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.