നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​കെ. പ്ര​ദീ​പ് കു​മാ​ര്‍

ശ്രീ​ജി​ത്തി​നെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍

തോക്കിന്‍ മുനയില്‍നിന്നും അമ്മത്തണലിലേക്ക്; ഇത് രണ്ടാംജന്മമെന്ന് ശ്രീജിത്ത്

ഏറ്റുമാനൂര്‍: യമനില്‍ ഹൂദി വിമതരുടെ തോക്കിന്‍മുനയില്‍നിന്നും അമ്മത്തണലിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് കോട്ടയം കൈപ്പുഴ മിഷ്യന്‍പറമ്പില്‍ ശ്രീജിത്ത്. തലക്ക് നേരെ തോക്കുചൂണ്ടി അലറി വിളിച്ച ഹൂതി വിമതരുടെ കൈയില്‍നിന്നും രക്ഷപ്പെടുമെന്ന് കരുതിയില്ലെന്നും ഇത് തന്‍റെ രണ്ടാം ജന്മമാണെന്നും അമ്മയെ ചേര്‍ത്തുപിടിച്ച് ശ്രീജിത്ത് പറഞ്ഞു.

ബുധനാഴ്ച പുലർച്ചയാണ് യമന്‍ ഹൂദി വിമതരുടെ പിടിയില്‍നിന്നും മോചിതനായ ശ്രീജിത്ത് കൈപ്പുഴയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞാണ് അമ്മ തുളസി സ്വീകരിച്ചത്. ശ്രീജിത്ത് അടക്കമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ക്കൊപ്പം മലയാളികളായ കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ദീപാഷ്, ആലപ്പുഴ ചേപ്പാട് പടീറ്റതില്‍ അഖില്‍ രഘു എന്നിവരുമുണ്ടായിരുന്നു.

ശ്രീജിത്ത് അടക്കമുള്ള 16 കപ്പല്‍ ജീവനക്കാരെ ജനുവരി നാലിനാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്നും ഹൂദി വിമതര്‍ തട്ടിയെടുത്തത്. പിന്നീട് യമന്‍ സൈന്യം നടത്തിയ പോരാട്ടത്തിനൊടുവിൽ ജനുവരി 20ന് മോചിപ്പിച്ച ഇവരെ യമനില്‍നിന്നും സൗദി വഴിയാണ് നാട്ടിലേക്ക് അയച്ചത്.

ഹൂതി വിമതരുടെ പിടിയിലായ ശ്രീജിത്തിന് വീടുമായി ബന്ധപ്പെടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഈ മാസം 24ന് വീട്ടിലേക്ക് എത്തുന്ന വിവരം ശ്രീജിത്ത് അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. അന്നുമുതല്‍ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു ആ മാതാവ്. ബുധനാഴ്ച പുലര്‍ച്ചയോടെ വീടിന്‍റെ പടികടന്ന് മകനെത്തിയതോടെയാണ് ആ കാത്തിരിപ്പ് അവസാനിച്ചത്. വിവരമറിഞ്ഞ് ശ്രീജിത്തിനെ കാണാന്‍ നിരവധി ആളുകളാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ശ്രീജിത്തിന്‍റെ കുടുംബം വളരെ ദയനീയ സാഹചര്യങ്ങളിലാണ് കഴിഞ്ഞുകൂടുന്നത്. പിതാവ് സജീവന്‍ ശ്രീജിത്തിന്‍റെ ചെറുപ്പകാലത്ത് മരണപ്പെട്ടതാണ്. സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാണ് ശ്രീജിത്ത് വെല്ലുവിളികളെ നേരിട്ട് ജോലി തേടി അന്യനാട്ടില്‍ എത്തിയത്.

ശ്രീജിത്തും അമ്മയും ഇപ്പോള്‍ കഴിയുന്നത് കൈപ്പുഴ മിഷന്‍ പടിക്ക് സമീപം അമ്മ തുളസിയുടെ സഹോദരി സരസമ്മയുടെ വീട്ടിലാണ്. പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് കോട്ടൂര്‍, എം.കെ. ബാലകൃഷ്ണന്‍, എം.എസ് ഷാജി, സാബു ജോര്‍ജ് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു.

കാതടപ്പിക്കുന്ന വെടിയൊച്ച...

അവര്‍ അലറി വിളിച്ചു

ജനുവരി നാലിന് രാത്രി ഏതാണ്ട് 11 മണിയോടെയാണ് ഹൂദി വിമതര്‍ തങ്ങളുടെ കപ്പല്‍ ആക്രമിച്ചത്. രണ്ട് ചെറു ബോട്ടുകളിലെത്തിയ തോക്കുധാരികള്‍ കപ്പലിന്‍റെ പിന്നിലൂടെയാണ് എത്തിയത്. തുടര്‍ന്ന് വേഗംകൂട്ടി മുന്നോട്ട് പോയ സംഘം തിരിച്ച് കപ്പലിനെ ലക്ഷ്യമാക്കി വീണ്ടുംവന്നു. അവര്‍വന്ന ബോട്ടുകള്‍ക്ക് ലൈറ്റ് ഉണ്ടായിരുന്നില്ല. ബോട്ടുകള്‍ കപ്പലിനെ ലക്ഷ്യംവെച്ചു തിരിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ട ഞങ്ങളുടെ ക്യാപ്റ്റന്‍ സെര്‍ച്ചിങ് ലൈറ്റ് ഇട്ടു. ലൈറ്റ് വീണതോടെ ബോട്ടിലെത്തിയ സംഘം വെടി ഉതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഞെട്ടിയ ഞങ്ങള്‍ ഓടി മുറിയില്‍ കയറി കതകടച്ചു. അപ്പോഴും അവര്‍ നിര്‍ത്താതെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. മൂന്നാംനിലയിലായിരുന്നു ഞാന്‍ അടക്കമുള്ളവര്‍.

വെടി ഉതിര്‍ത്തുകൊണ്ട് തന്നെ അവര്‍ കപ്പലിലേക്ക് കയറുകയും പുറത്തേക്കുള്ള വാതിലുകള്‍ ഓരോന്നായി അടക്കുകയും ചെയ്തു. തുടര്‍ന്ന് ഓരോ മുറിയിലുമെത്തി വെടിയുതിര്‍ക്കുകയും ക്യാപ്റ്റനെ തിരയുകയുമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചിരുന്ന മുറിയിലും അവരെത്തി. വാതിലിൽ മുട്ടിയെങ്കിലും ശബ്ദമുണ്ടാക്കാതെ ഞങ്ങളിരുന്നു. എന്നാല്‍, വാതില്‍ ലക്ഷ്യമാക്കി അവര്‍ വെടി ഉതിര്‍ത്തതോടെ മുറിക്കുള്ളില്‍ കൂട്ടനിലവിളിയായിരുന്നു. ഓരോരുത്തരുടെയും നെറ്റിയില്‍ തോക്ക് വെച്ച് ഭയപ്പെടുത്തിയെങ്കിലും നിറയൊഴിച്ചില്ല. തനിക്ക് നേരെ ചൂണ്ടിയ തോക്കിന്‍റെ മുന ഇപ്പോഴും മനസ്സിലുണ്ടെന്നും തിരിച്ച് നാട്ടിലേക്കെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ശ്രീജിത്ത് പറയുന്നു. തങ്ങളുടെ മോചനത്തിനായി ഇടപെട്ട എല്ലാവരെയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ജീവന്‍ തിരിച്ചുതന്ന ദൈവത്തിന് നന്ദി പറയുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.  

Tags:    
News Summary - Sreejith says about his second birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.