ഒരുലക്ഷത്തോളം രൂപ മുടക്കി സ്വന്തമായി പോൾ വാങ്ങാൻ കഴിയാത്തതിനാൽ കടം വാങ്ങിയ പോൾ ഉപയോഗിച്ച് ചാടി ഒന്നാമതെത്തിയ ഗൗതംകൃഷ്ണക്കും കൂട്ടർക്കും ഇനി കടം വാങ്ങേണ്ട, ഒടുവിൽ സ്വന്തമായി പോൾ കിട്ടി. ഒരുവർഷത്തോളമായി പോള്‍വാൾട്ട് പരിശീലിക്കുന്നുണ്ടെങ്കിലും സ്വന്തമായി പോൾ വാങ്ങുക പ്രയാസമായതിനാൽ മുള കുത്തിയുള്ള പരിശീലനമാണ് ഇവർക്ക് ലഭിച്ച് വന്നത്.
കായികഅധ്യാപിക അശ്വതി രാജ് ഇടപെട്ട് പാലാ ജംപ്സ് അക്കാദമിയിൽനിന്ന് സംഘടിപ്പിച്ച് നൽകിയ പോൾ ഉപയോഗിച്ച് ഗൗതം കൃഷ്ണ കഴിഞ്ഞ ദിവസം സ്വർണത്തിലേക്കാണ് പറന്നിറങ്ങിയത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് ഇവർക്ക് പുതിയ പോൾ ലഭിച്ചത്. പാലാ ജംപ്സ് അക്കാദമി ചീഫ് കോച്ച് സതീഷ്കുമാറാണ് പുതിയ പോൾ അധ്യാപിക അശ്വതി രാജിന് ജില്ല കായികമേളയുടെ വേദിയിൽ െവച്ച് തിങ്കളാഴ്ച കൈമാറിയത്.
ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ കായികാധ്യാപികയായ അശ്വതി രാജിന്റെ കഠിനപ്രയത്നമാണ് കുട്ടികളുടെ ഈ നേട്ടത്തിന് പിന്നിൽ. മുൻ കബഡി താരം കൂടിയായ അശ്വതിയാണ് ഗൗതത്തെ പോൾവാൾട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. ജൂനിയർ വിഭാഗത്തിൽ വെള്ളി സ്വന്തമാക്കിയ ജിപ്സൺ.കെ.ബിജിയും ഇതേ സ്കൂളിലെ താരമാണ്. ജിപ്സണും മുള കമ്പ് വെട്ടിയൊരുക്കി ഇതിലാണ് പരിശീലനം നടത്തുന്നത്. പോള്വാൾട്ടിനുള്ള ബെഡും സ്കൂളിലില്ല. ഹൈജംപ് ബെഡിലാണ് ഇവർ പോള്‍വാൾട്ട് പരിശീലിക്കുന്നത്. പോള്‍വാട്ട് ബെഡുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അശ്വതി ടീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.