കോട്ടയം: ഹയർ സെക്കൻഡറി പ്രവേശനത്തിന് മലബാറിൽ വിദ്യാർഥികൾ നെട്ടോടമോടുമ്പോൾ, ജില്ലയിൽ സീറ്റുകൾ ഏറെ. ഇത്തവണ വിജയശതമാനത്തിൽ സംസ്ഥാനതലത്തിൽ ജില്ല ഒന്നാമതെത്തിയിട്ടും എസ്.എസ്.എൽ.സി കടമ്പ കടന്നവർക്കെല്ലാം ഉപരിപഠനം നടത്താനാവശ്യമായ സീറ്റുകളുണ്ടെന്നാണ് കണക്കുകൾ.
ജില്ലയിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി പ്ലസ്വണ്ണിന് 21,986 സീറ്റുകളാണുള്ളത്. ഇത്തവണ 18,813 പേരാണ് കോട്ടയത്തുനിന്ന് എസ്.എസ്.എൽ.സി വിജയിച്ചത്. ഇവർക്ക് ഉപരിപഠനത്തിന് തടസ്സങ്ങളില്ല. ഇതിനൊപ്പം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചവരിൽ ഒരു നിശ്ചിത ശതമാനവും പ്ലസ് വൺ പ്രവേശനം തേടും. അതിർത്തി പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് തൊട്ടടുത്ത ജില്ലയിൽ നിന്നും അപേക്ഷകരുണ്ടാകും.
ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഒരുവിഭാഗത്തിന് അൺ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. അൺ എയ്ഡഡിലെ പഠനം സാമ്പത്തിക ചെലവ് വരുത്തുമെങ്കിലും ആരും ഹയർസെക്കൻഡറി പ്രവേശനത്തിൽനിന്ന് പുറത്താകില്ല.
അതേസമയം, പാലായിൽ ഇഷ്ടവിഷയങ്ങൾ പലർക്കും ലഭിച്ചേക്കില്ലെന്നാണ് സൂചന. ഇവർ സമീപപ്രദേശങ്ങളിലേക്ക് മാറേണ്ടിവരും. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായിരുന്നു പാലാ. 100 ശതമാനം വിജയമാണ് പാലായിലുണ്ടായത്. ഇതിനൊപ്പം എൻട്രൻസ് കോച്ചിങ് ലക്ഷ്യമിട്ടും പാലായിലെ സ്കൂളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെത്തും. അതിനാൽ അപേക്ഷകർക്കെല്ലാം പാലായിൽ തന്നെ പ്രവേശനം ലഭിച്ചേക്കില്ല.
സർക്കാർ മേഖലയിൽ 5,100, എയ്ഡഡിൽ 13,800, അൺഎയ്ഡഡിൽ 3,086 എന്നിങ്ങനെയാണ് ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം. 133 ഹയർസെക്കൻഡറി സ്കൂളുകളാണ് ജില്ലയിലുള്ളത്. സർക്കാർ- 41, എയ്ഡഡ്- 71, ആൺ എയ്ഡഡ്- 21 എന്നിങ്ങനെയാണ് ഇവയുടെ എണ്ണം.
ഇവക്കൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി, ഓപ്പൺ സ്കൂൾ എന്നിവയുമുണ്ട്. അതിനാൽ ജില്ലയിൽ പ്രവേശനത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 35 വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിലായി 2,000ലധികം സീറ്റുകളുണ്ട്. പട്ടികവർഗത്തിനുള്ള ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലായി 100 സീറ്റുണ്ട്.
ഇതുകൂടാതെ പൊളിടെക്നിക്കുകളിലും പ്രവേശനം നേടാം. പാലാ, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലാണ് ഗവ. പോളിടെക്നിക്കുകളുള്ളത്.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതായിരുന്നു ജില്ല. 99.92 ശതമാനം വിജയവുമായാണ് ജില്ല ചരിത്രനേട്ടം സ്വന്തമാക്കിയത്. ജില്ലയിൽ പരീക്ഷയെഴുതിയ 18828 പേരിൽ 18813 പേർ ഉപരിപഠനത്തിന് അർഹരായി. 3111 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. 195 സ്കൂളുകൾക്കായിരുന്നു നൂറുശതമാനം വിജയം. ഇതിൽ 46 എണ്ണം സർക്കാർ സ്കൂളുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.