പ്രവീൺ-സുമി ദമ്പതികളുടെ വീട്ടുമുറ്റത്തെ ഈന്തപ്പന

അറബ് നാട്ടിൽ മാത്രമല്ല, കുമരകത്തെ കായൽമണ്ണിലും വിളഞ്ഞ് ഈന്തപ്പഴം

കുമരകം: അറേബ്യൻ നാടുകളിൽ മാത്രമല്ല വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ കായൽമണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യും ഈന്തപ്പനയും ഈന്തപ്പഴവും. കുമരകം 16ാം വാർഡിൽ ചുളഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്‍റെ വീട്ടുമുറ്റത്ത് ഭാര്യ സുമി നട്ടുവളർത്തിയ അഞ്ച് ഈന്തപ്പനകളിലൊന്നിലാണ് നിറയെ ഈന്തപ്പഴം വിളഞ്ഞുകിടക്കുന്നത്. പ്രവീണും സുമിയും പുതിയ വീട് നിർമിച്ചപ്പോൾ ഭംഗിക്കായി മറ്റ് ചെടികൾ കൂടാതെ പനയും നട്ടുവളർത്താൻ ആഗ്രഹിച്ചു.

എണ്ണപ്പന നട്ടുവളർത്തുന്നത് ഉചിതമല്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലുള്ള സുഹൃത്ത് ഗൾഫിൽ നിന്നെത്തിച്ചുനൽകിയതാണ് ഈന്തപ്പന തൈകൾ. ഒന്നര വർഷം പിന്നിട്ടപ്പോൾ അഞ്ച് ഈന്തപ്പനകളും പൂവിട്ടു. ഒരു പനയിൽ കായ്കൾ നിറയെ ഉണ്ടായി. ഏപ്രിൽ പകുതിയോടെയാണ് കായ്കൾ ഉണ്ടായത്. മറ്റു നാലു പനകളും ഒരുപോലെ വളർന്നു പൂവിട്ടെങ്കിലും കായ്ച്ചില്ല. ഈന്തപ്പനകൾക്ക് ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സുമി പറഞ്ഞു.

പനങ്കുലകൾ നിറയെ കായ്കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞുവീണു. കായ്കൾ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞനിറവും പൂർണമായി പഴുക്കുമ്പോൾ കറുപ്പ് കൂടിയ തവിട്ട് നിറവുമാകും. കായ്കൾക്ക് നല്ല മധുരവുമുണ്ട്. വൈകാതെ മറ്റ് പനകളിലും ഈന്തപ്പഴം കായ്ക്കുമെന്ന് പ്രവീണും സുമിയും പറയുന്നു. കോട്ടയം തെള്ളകത്ത് സുമീസ് കിച്ചൻ റസ്റ്റാറന്റിന്‍റെ ഉടമകളാണ് പ്രവീണും സുമിയും. 

Tags:    
News Summary - Not just in the Arab lands: Dates now growing in the backwater soil of Kumarakom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.