കോട്ടയം നഗരസഭയിൽ അവിശ്വാസ ചർച്ച 20ന്

കോട്ടയം: നഗരസഭ ചെയര്‍പേഴ്‌സന്‍ യു.ഡി.എഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയം 20ന് ചർച്ച ചെയ്യും. ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അതിനുശേഷം നടക്കുന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നാലും എൽ.ഡി.എഫിന് ഭരണം പിടിക്കാം. മുമ്പില്ലാത്തതുപോലെ ഒരംഗത്തിന്‍റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്.

അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 52 അംഗ കൗൺസിലിൽ യു.ഡി.എഫ് -22, എൽ.ഡി.എഫ് -22, ബി.ജെ.പി -എട്ട് എന്നതായിരുന്നു സീറ്റുനില. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് സ്വതന്ത്രയെ ചെയർപേഴ്സൻ സ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിർത്തിയാണ് യു.ഡി.എഫ് 22 എന്ന അംഗബലത്തിലെത്തിയത്. ഇരുകൂട്ടർക്കും തുല്യ അംഗങ്ങളായപ്പോൾ നറുക്കെടുപ്പിലൂടെ ബിൻസി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

എന്നാൽ, ഇപ്പോൾ പുത്തൻതോട് വാർഡ് അംഗം ജിഷ ഡെന്നിയുടെ അകാലനിര്യാണത്തോടെ അംഗസംഖ്യ 21 ആയി കുറഞ്ഞു. അവിശ്വാസം വിജയിച്ചു തെരഞ്ഞെടുപ്പ് നടന്നാൽ ഈ കണക്ക് എൽ.ഡി.എഫിനു തുണയാകും. ആരെങ്കിലും ഹാജരാകാതിരിക്കുകയോ വോട്ട് അസാധുവാകുകയോ ചെയ്തില്ലെങ്കിൽ 22 അംഗങ്ങളുടെ പിന്തുണയോടെ അവർക്കു ഭരണം പിടിക്കാം. 27 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസം വിജയിക്കൂ. ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും എൽ.ഡി.എഫ് ആരോപിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങളും അടുത്തിടെ സമരം നടത്തിയിരുന്നു. അതുകൊണ്ട് ബി.ജെ.പി അവിശ്വാസത്തെ പിന്തുണക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

ചെയർപേഴ്സനെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസമാണിത്. കഴിഞ്ഞ തവണ ബി.ജെ.പി പിന്തുണയോടെ അവിശ്വാസം വിജയിക്കുകയും ചെയർപേഴ്സൻ പുറത്താകുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണ ലഭിച്ചില്ല. എൽ.ഡി.എഫിലെ ഒരംഗത്തിന് ഹാജരാകാൻ കഴിയാതിരുന്നതോടെ ബിൻസി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അംഗത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് ആറുമാസത്തിനകം നടക്കും.

Tags:    
News Summary - No-confidence debate in Kottayam Municipal Council on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.