തെളിനീരൊഴുകുമോ...?

ഏറ്റുമാനൂർ: അതിരമ്പുഴയുടെ വ്യാപാരചരിത്രമുറങ്ങുന്ന പെണ്ണാർതോട് പോളയും പായലും നിറഞ്ഞനിലയിൽ. അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവുമായി നാട്ടുകാർ. മാലിന്യവും പായലും പോളയും അടിഞ്ഞുകൂടിയതോടെ പെണ്ണാർതോട്ടിലെ നീരൊഴുക്ക് നിലച്ചനിലയിലാണ്. അതിരമ്പുഴയിൽനിന്ന് ഉത്ഭവിച്ച് അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, അയ്മനം പഞ്ചായത്ത് പരിധികളിലൂടെ ഒഴുകി വേമ്പനാട് കായലിൽ പതിക്കുന്ന പെണ്ണാർതോട്ടിൽ പോളശല്യം ഏറ്റവും രൂക്ഷമായത് അതിരമ്പുഴ പഞ്ചായത്ത് പരിധിയിലാണ്. മറ്റ് പഞ്ചായത്ത് പരിധികളിൽ മുമ്പേതന്നെ പോളയുംപായലും നീക്കി തോട് ശുചീകരിച്ചിരുന്നു. എന്നാൽ, അതിരമ്പുഴ പഞ്ചായത്തിൽ പെറ്റിവർക്കിലൂടെ പേരിനുള്ള പോളവാരൽ മാത്രമാണ് നടന്നത്. ഇപ്പോൾ ചന്തക്കുളത്തിന് സമീപം മുതൽ തന്നെ പോളയും പായലും മറ്റും വളർന്ന് പടർന്നുനിൽക്കുകയാണ്. തോടിന്‍റെ അടിത്തട്ടിൽനിന്ന്​ വേര് ഉൾപ്പെടെ നീക്കാതെ ഒഴുക്ക് സുഗമമാകില്ല. പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞിരിക്കുന്നു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാലിൽനിന്നുള്ള വെള്ളം ചന്തക്കുളത്തിലേക്ക് എത്തുന്നതിനാൽ കായലിലേക്ക് ഒഴുക്ക് ഉണ്ടാകേണ്ടതാണ്. എന്നാൽ, പോളയും പായലും ഈ ഒഴുക്കിനെ തടയുകയാണ്. ഒഴുക്ക് നിലച്ചതോടെ തോട്ടിലെ ജലവിതാനം ഉയരുകയാണ്. മഴ കനക്കുന്നതോടെ തോട് കവിഞ്ഞ് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഒരു പ്രദേശത്തിന്‍റെയാകെ ജലസ്രോതസ്സായ പെണ്ണാർതോടിനെ ശുചീകരിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: KTL Pola പോളയും പായലും അടിഞ്ഞുകൂടിയനിലയിൽ പെണ്ണാർതോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.