നാട്ടകം ഗവ.പോളിടെക്നിക് കോളജ് ജിമ്മിലെ തറയിൽ സ്ഥാപിച്ച റബർമാറ്റുകൾ. നിർമാണത്തിന് നേതൃത്വം നൽകിയ അധ്യാപകർ സമീപം
പൊൻകുന്നം: നാട്ടകം പോളിടെക്നിക് കോളജ് പോളിമർ ടെക്നോളജി വിഭാഗം അധ്യാപകർ നിർമിച്ച റബർമാറ്റ് ഇനി പോളിയിലെ ജിമ്മിന്റെ തറയുടെ അലങ്കാരം. തറയുടെ സുരക്ഷക്കും ഭംഗിക്കുമായി ഇവർ നിർമിച്ച വിവിധ വർണങ്ങളിലുള്ള നൂറോളം മാറ്റാണ് പാകിയത്.
ജിമ്മിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തറയിൽ വീണാൽ ടൈൽ പൊട്ടിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് പുത്തൻ പരീക്ഷണം. പോളിമർ ലാബിൽ കുട്ടികളുടെ പ്രാക്ടിക്കൽ ക്ലാസിന് ശേഷം ഉപേക്ഷിച്ച റബർ കോമ്പൗണ്ട് ഉപയോഗിച്ച് ലാബിലെ യന്ത്രങ്ങളിലാണ് മാറ്റുകൾ നിർമിച്ചത്. ഒഴിവുവേള അധ്യാപകർ ഇതിനായി ഉപയോഗിച്ചു.
ടൈലിന് മുകളിൽ ഇവ പരസ്പരം കോർത്ത് സ്ഥാപിക്കാവുന്ന തരത്തിലാണ് നിർമാണം. ലാബിലെ തറയിൽ മാറ്റ് പാകിയതും അധ്യാപകർ തന്നെ. കടയിൽനിന്ന് വാങ്ങിയാൽ ഇരുപതിനായിരം രൂപയിലേറെ വിലവരുന്ന മാറ്റാണ് ലാബിൽ ഒരുക്കിയത്.
എൻജിനീയറിങ് ഡ്രോയിങ് ഹാളിൽ ഉപയോഗിക്കുന്ന മേശകളുടെയും സ്റ്റൂളുകളുടെയും കാലുകളിൽ ഇടാൻ അഞ്ഞൂറിലേറെ റബർ ബുഷുകളും നിർമിച്ചിട്ടുണ്ട്. പോളിമർ ടെക്നോളജി വകുപ്പ് മേധാവി പി.യു.ഹഫീസ് മുഹമ്മദ്, ഡെമോൺസ്ട്രേറ്റർ ഫസീല ഖാലിദ്, ട്രേഡ് ഇൻസ്ട്രക്ടർമാരായ എം.എസ്.അജീഷ്, എം.പി.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.