തൊടുപുഴ: ജില്ലയിൽ കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും കൂട്ട ആത്മഹത്യകളും പെരുകുമ്പോഴും പൊലീസ് അന്വേഷണം പേരിന് മാത്രമെന്ന് ആക്ഷേപം. ദുരൂഹതയുയർത്തുന്ന മരണങ്ങളിൽ അടക്കം പേരിന് മാത്രം അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുന്ന രീതി വ്യാപകമാകുകയാണെന്നാണ് പരാതി.
രണ്ടാഴ്ചക്കിടെ അടിമാലി കൊമ്പൊടിഞ്ഞാലിൽ നാലംഗ കുടുംബം വീടിന് തീപിടിച്ച മരിച്ച സംഭവം, മറയൂരിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പീരുമേട്ടിൽ യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം എന്നിവയിലൊന്നും അന്വേഷണം കാര്യമായി മുന്നോട്ടുപോകുന്നില്ലെന്ന പരാതി ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉന്നയിക്കുന്നുണ്ട്.
ദുരൂഹതയുയർത്തുന്ന മരണങ്ങൾ ഒന്നുകിൽ ആത്മഹത്യയോ അല്ലെങ്കിൽ അപകടമോ ആയി മാറുകയാണ്. കഴിഞ്ഞ മാസം കട്ടപ്പന ഏലപ്പാറയിൽ കുടുംബത്തിലെ നാല് പേർ തൂങ്ങിമരിച്ച സംഭവത്തിൽ തങ്ങളുടെ മരണത്തിന് പിന്നിൽ കാരണക്കാരെ ചൂണ്ടിക്കാട്ടി ആത്ഹത്യകുറിപ്പ് എഴുതിയിരുന്നെങ്കിലും അറസ്റ്റോ നടപടികളോ ഉണ്ടായിട്ടില്ല. വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ട സംഭവത്തിലും തുടർനടപടികൾ ഇഴയുകയാണ്.
കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗറിൽ അയല്‍വാസികളായ മരുതുംമൂട്ടില്‍ വീട്ടില്‍ ബിനോയ് എന്ന സരീഷ് ജോർജ്, രതിവിലാസം വീട്ടില്‍ രമേശ് (42) എന്നിവരെ മേയ് എട്ടിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം മുന്നോട്ടുപോയില്ല. മുങ്ങിമരണവും ആത്മഹത്യയുമാണെന്ന നിലപാടിലാണ് പൊലീസ്. സരീഷ് ജോര്‍ജിന്റെ മൃതദേഹം സെന്റ് പയസ് വക സ്ഥലത്തെ കിണറ്റിലും രമേശിനെ വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് രമേശിനൊപ്പം പോയ സരീഷിനെ പിന്നീട് കണ്ടിട്ടില്ലെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
സരീഷ് കിണറ്റിൽ വീണതാണോ തള്ളിയിട്ടതാണോ തുടങ്ങി വിശദ അന്വേഷണം ഒന്നും നടന്നില്ല. സരീഷിനെ കാണാതായി മൂന്ന് ദിവസം കഴിയുന്നത് വരെ രമേശ് വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പീരുമേട് ഏലപ്പാറയിൽ മത്സ്യവ്യാപാരിയായ യുവാവ് കാറിൽ മരിച്ച നിലയിൽ കണ്ടതും ആത്മഹത്യ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്. കാറിൽ രക്തക്കറ കണ്ടെത്തുകയും ബന്ധുക്കൾ ദുരൂഹത ഉന്നയിക്കുകയും ചെയ്തിട്ടും അന്വേഷണമുണ്ടായില്ല.
2024 ഡിസംബറിൽ കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകനായ സാബു ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്ന ഭരണകക്ഷി നേതാവിനെ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്
കൊമ്പൊടിഞ്ഞാലില്‍ നാലുപേരുടെ മരണം: അന്വേഷണത്തില്‍ അടിമുടി ദുരൂഹത
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച. അന്വേഷണം കേസ് അവസാനിപ്പിക്കുന്നതിലേക്ക് മാത്രമാണെന്ന വിലയിരുത്തലാണ് ഉളളത്. വൈദ്യുതി വകുപ്പിന്റെയും അഗ്നിരക്ഷാസേനയുടെയും പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടോ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതോ അല്ല തീപിടിത്തകാരണമെന്നാണ് വ്യക്തമായത്. പൊലീസ് പറയുന്നപോലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെങ്കില്‍ വൈദ്യുതി മീറ്റര്‍ അടക്കം കേടുവന്ന് നശിക്കണം.
അടുക്കളയില്‍ രണ്ട് ഗ്യാസ് കുറ്റികള്‍ ഇരിക്കുന്നുണ്ടെങ്കിലും ഭയാനകമായ തീപിടിത്തത്തില്‍ ഇവ തകരാതിരിക്കാന്‍ സാധ്യത കുറവാണ്. സംഭവം നടന്നെന്ന് പറയുന്ന വെളളിയാഴ്ച രാത്രി എട്ട് വരെ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടും അന്വേഷണത്തില്‍ അടിമുടി ദുരൂഹതയാണ്. സംഭവവുമായി ബന്ധമില്ലാത്തവരെ വിളിപ്പിക്കുന്ന പൊലീസ് മാനസികമായി തളര്‍ത്തുന്ന ചോദ്യം ചെയ്യലും പീഡനവും നടത്തുകയാണെന്ന പരാതിയും പലരും ഉയര്‍ത്തുന്നു. ദലിത് വിഭാഗത്തില്‍ പെട്ട കുടുംബമാണ് ദാരുണ സംഭവത്തില്‍ മരിച്ചത്. നല്ല ഭൂ സ്വത്തിനുംഅവകാശികളാണ്. പലവിധ സംശയങ്ങളും നാട്ടുകാരും മേഖലയിലെ ജനപ്രതിനിധികളും ഉയര്‍ത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല.
ക്വട്ടേഷൻ കൊല; പൊലീസ് കഴിവ് തെളിയിച്ച കേസ്
തൊടുപുഴ: ജില്ലയെ ഞെട്ടിച്ച ക്വട്ടേഷൻ കൊലക്കേസ് പൊലീസിന്റെ കാര്യക്ഷമതക്ക് ഉദാഹരണമാണ്. 2025 മാർച്ച് 22ന് കൊലപാതകം പുറത്തുവന്നയുടൻ മുഖ്യപ്രതികളായ നാല് പേരെയും പിടികൂടാൻ പൊലീസിന് സാധിച്ചു. ബിജു ജോസഫിന്റെ വ്യാപാര പങ്കാളി ജോമോനെയും ക്വട്ടേഷൻ നൽകിയവരെയും കൊലപാതക വിവരം പുറത്തറിഞ്ഞപ്പോൾ തന്നെ പിടികൂടാൻ സാധിച്ചിരുന്നു. കേസിലെ തുടർ അന്വേഷണത്തിലൂടെ കൊലക്ക് സഹായം നൽകിയ ജോമോന്റെ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്യാനും സാധിച്ചു.
ജോമോന്റെ ഭാര്യക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന വിവരം ഒളിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് വിദഗ്ധ അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു.
ഈ കേസിൽ ഉണ്ടായ പോലെ അന്വേഷണമോ നടപടികളോ മറ്റ് കേസുകളിൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
ആനയിറങ്കലില്‍ വാർഡംഗം അടക്കം രണ്ട് പേരുടെ മരണം: അന്വേഷണം പരാജയം
അടിമാലി: പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം പരാജയമെന്ന് ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി 18 നാണ് രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞകുഴി തച്ചമറ്റത്തില്‍ ജെയ്സണ്‍ (45), സുഹൃത്ത് നടുക്കുടി(മോളേക്കുടി) ബിജു(52) എന്നിവര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ മുങ്ങി മരിച്ചത്.നാലംഗ സംഘമാണ് അന്ന് ജലാശയത്തില്‍ എത്തിയത്.സംഭവ ദിവസം കൂടെ ഉണ്ടായിരുന്ന രണ്ട് സൂഹൃത്തുക്കള്‍ മരിച്ച രണ്ടുപേര്‍ തമിഴ്നാട്ടില്‍ പോയെന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം ഇവര്‍ മൊഴി തിരുത്തി.ജയ്സനും ബിജുവും ഡാമില്‍ ഇറങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്നെന്നും നുണ പറഞ്ഞതുകൊണ്ട് മനസമാധാനം ഇല്ലെന്നും പറഞ്ഞാണ് ഇവര്‍ മൊഴി തിരുത്തിയത്.
സംഭവം നടന്ന് ഇത്രയും നാള് കഴിഞ്ഞിട്ടും കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൊഴിമാറ്റിയവരെ ഒന്നോ രണ്ടോ തവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തെളിവെടുത്തൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ രണ്ടുപേരും യഥാസമയം വിവരം നല്‍കാത്തത് തന്നെ ഇവര്‍ക്കെതിരെ കേസ് ചാർജ് ചെയ്യാവുന്ന കുറ്റമാണ്.സംശയം ജനിപ്പിക്കുന്ന പല തെളിവുകളും സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചിരുന്നു. ബാഹ്യമായ ഇടപെടലുകളും കേസ് അന്വേഷണം താമസിപ്പിച്ച് എഴുതി തളളുകയെന്ന ലക്ഷ്യവും സംഭവത്തിന് പിന്നിലുണ്ടെന്ന ആക്ഷേപം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.