കോട്ടയം: ജില്ലയിലെ വിദ്യാർഥികൾക്ക് പ്ലസ്വൺ സീറ്റുകൾക്കായി നെട്ടോട്ടമോടേണ്ടിവരില്ല, കോട്ടയത്ത് പ്ലസ്വൺ സീറ്റുകൾ ഏറെ. ഈ വർഷം ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയവരിൽ 18,886 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.
എന്നാൽ, പ്ലസ്വണിന് 21,350 സീറ്റുകളുണ്ട്. എസ്.എസ്.എൽ.സി കടമ്പ താട്ടിയവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ 2,464 സീറ്റുകൾ അധികമെന്നാണ് കണക്ക്. അൺ എയ്ഡഡ് സീറ്റുകൾ അടക്കമാണിത്. അൺ എയ്ഡഡ് സ്കൂളുകളോട് ആദ്യഘട്ടത്തിൽ ഭൂരിഭാഗവും താത്പര്യം കാട്ടാത്തതിനാൽ മികച്ച സ്കൂളുകളിൽ സീറ്റുകൾക്കായി കടുത്ത മത്സരം നടക്കാനാണ് സാധ്യതയെന്നും അധ്യാപകർ പറയുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താംക്ലാസ് പഠിച്ചവരിൽ ഒരുവിഭാഗം സംസ്ഥാന സിലബസിലേക്ക് മാറും. ഇവർ എത്തിയാലും ജില്ലയിലെ പ്ലസ്വൺ പ്രവേശനം ക്ലേശകരമാകില്ലെന്നാണ് സൂചന. സേ പരീക്ഷ ഫലം കൂടി വരുന്നതോടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടാകുമെങ്കിലും ഇതും ബാധിക്കില്ല. പത്താംക്ലാസ് വിജയിച്ച എല്ലാ വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. ഒരുവിഭാഗം പോളിടെക്നിക്, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ കോഴ്സുകളിലേക്ക് തിരിയും.
പാസായ എല്ലാവരും അഡ്മിഷൻ നേടിക്കഴിഞ്ഞാലും സീറ്റുകൾ ഒഴിഞ്ഞു കിടക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ വർഷം വിജയശതമാനം കൂടിയതിനാൽ സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, നൂറ് ശതമാനം വിജയം നേടിയ പാലാ വിദ്യാഭ്യാസ ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇഷ്ടബാച്ചും സ്കൂളും ലഭ്യമാകാൻ കടുത്തമത്സരം നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞതവണ ഇഷ്ടബാച്ച് ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.
ജില്ലയിൽ മൊത്തം 133 പ്ലസ്ടു സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ -41, എയ്ഡഡ് -71, അൺ എയ്ഡഡ് -21 എന്നിങ്ങനെയാണ് സ്കൂളുകളുടെ കണക്ക്. കഴിഞ്ഞവർഷം പരീക്ഷയെഴുതിയ 18,910 വിദ്യാർഥികളിൽ 18,886 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ജില്ലയിലെ 193 സ്കൂളുകൾ നൂറുമേനി വിജയം കൊയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.