കോട്ടയം: പ്രചാരണം മുറുകുമ്പോഴും ചിഹ്നമില്ലാതെ വലഞ്ഞ യു.ഡി.എഫിന് ഒടുവിൽ ആശ്വാസം. കോട്ടയത്തെ വോട്ടർമാർക്ക് സുപരിചിതമായ കേരള കോൺഗ്രസ് എമ്മിന്റെ ‘രണ്ടില’ ചിഹ്നത്തിന് പകരമായി യു.ഡി.എഫ് സ്ഥാനാർഥിക്ക് സാധാരണക്കാരന്റെ വാഹനമായ ‘ഓട്ടോറിക്ഷ’ കിട്ടി. യു.ഡി.എഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് ആദ്യപരിഗണന നൽകി ആവശ്യപ്പെട്ടത് ഓട്ടോറിക്ഷയായിരുന്നു.
എന്നാൽ അവർക്ക് ‘പാര’യായി മറ്റൊരു സ്ഥാനാർഥിയും ഓട്ടോറിക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ആശങ്കയായി. ഒടുവിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ‘ഓട്ടോറിക്ഷ’ അനുവദിച്ചു. 44 വർഷത്തിന് ശേഷം കേരളാകോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് കോട്ടയം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് എം.പി തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണരംഗത്ത് സജീവമായിരുന്നു.അംഗീകൃത രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ‘രണ്ടില’ ചിഹ്നം ലഭിച്ചതിനാൽ ചുവരെഴുത്തിൽ സ്ഥാനാർഥിക്കൊപ്പം ചിഹ്നവും പ്രചരിപ്പിക്കാൻ എൽ.ഡി.എഫിന് സാധിച്ചു.
ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും ചിഹ്നം ലഭിക്കാത്തത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. ചുവരെഴുത്തുകളിലും അഭ്യർഥനകളിലും ഫ്രാൻസിസ് ജോർജിന്റെ പേര് മാത്രമാണുണ്ടായിരുന്നത്. ഇതിനെ എൽ.ഡി.എഫും പ്രചാരണായുധമാക്കി മാറ്റി. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ‘കുടം’ ചിഹ്നമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.