കോട്ടയം: സംവരണ ഡിവിഷനുകളുയെും വാർഡുകളുടെയും നറുക്കെടുപ്പ് പൂർത്തിയായതോടെ ജില്ല ഇനി തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തീയതി പ്രഖ്യാപനം വരുന്നതിന് മുമ്പ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഈ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചും നിർണായകമാണ്. കോട്ടയം നഗരസഭ, ജില്ല പഞ്ചായത്ത് എന്നിവയിലെ ഭരണമാറ്റമാണ് മുന്നണികൾ ഏറെ പ്രതീക്ഷിക്കുന്നത്. നിലവിൽ നഗരസഭ യു.ഡി.എഫും ജില്ല പഞ്ചായത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. ഇക്കുറി അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകളും മുന്നണികളിൽ ആരംഭിച്ചിട്ടുണ്ട്. ഘടകക്ഷികളായ കേരള കോൺഗ്രസ് എമ്മും കേരള കോൺഗ്രസും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് ഇരുമുന്നണികൾക്കും തലവേദന സൃഷ്ടിച്ചേക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് കേരള കോൺഗ്രസ് എ.എൽ.ഡി.എഫിന്റെ ഭാഗമായത്. അതിനെ തുടർന്നാണ് എൽ.ഡി.എഫിന് ജില്ല പഞ്ചായത്ത് ഭരണം ലഭിച്ചതെന്നാണ് മാണി വിഭാഗത്തിന്റെ അവകാശവാദം.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് അവർ. ഭൂപതിവ് നിയമഭേദഗതി ചട്ട രൂപവത്കരണം, വന്യജീവി സംരക്ഷണ നിയമഭേദഗതി എന്നിവ ഗുണമാകുമെന്ന വിലയിരുത്തലിലാണ് കേരള കോൺഗ്രസ് എം. ആ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് അവരുടെ നീക്കം.
സ്ഥാനാർഥി പട്ടികയും ഇതിനോടകം മാണി വിഭാഗം തയാറാക്കിയിട്ടുണ്ട്. മാണി വിഭാഗം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് സി.പി.ഐയെയും ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണിയിലെ രണ്ടാമനാരെന്ന മത്സരം ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ആ സാഹചര്യത്തിൽ തങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ വേണമെന്നാണ് സി.പി.ഐയുടെ അവകാശവാദം. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൺവീനർ അടൂർ പ്രകാശ് ക്ഷണിച്ചതും സമ്മർദതന്ത്രമാക്കി മാണി വിഭാഗം മാറ്റാൻ സാധ്യതയുണ്ട്.
മാണി വിഭാഗം വരുന്നതിനോട് വിയോജിപ്പുള്ള പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസാകട്ടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനുള്ള നീക്കത്തിലുമാണ്. കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ അവർ ഈ ആവശ്യം ഉന്നയിക്കും. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിൽനിന്നാകും കൂടുതൽ സമ്മർദമുണ്ടാകുക. ജില്ലയിൽ സ്വാധീനമുള്ള ഇടങ്ങളിൽ ബി.ഡി.ജെ.എസ് സീറ്റുകൾ ആവശ്യപ്പെടാനാണ് സാധ്യത. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മുന്നണികൾ പോരാട്ടത്തിലേക്കിറങ്ങും.
സംവരണ വാർഡ് നിർണയത്തിന്റെ നറുക്കെടുപ്പ് പലരുടെയും സ്വപ്നങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പലരും സ്ഥാനാർഥിയാകാൻ സ്വപ്നംകണ്ട വാർഡുകളിൽ പലതും വനിത, പട്ടികജാതി വാർഡുകളായി മാറിയിട്ടുമുണ്ട്. എന്നാലും ഇവരിൽ പലരും സ്വപ്നം ഉപേക്ഷിച്ചിട്ടില്ല. വിജയസാധ്യതയുള്ള മറ്റ് വാർഡുകൾ തേടിയുള്ള പരക്കംപാച്ചിലിലാണ് പലരും. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍ നിര്‍ണയിച്ചു. ചൊവ്വാഴ്ച കലക്ടറേറ്റില്‍ കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് സംവരണ ഡിവിഷനുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നടത്തിയത്.
ജില്ല പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ പട്ടിക ചുവടെ
(സംവരണ വിഭാഗം, ഡിവിഷന് നമ്പര്‍, പേര് എന്ന ക്രമത്തില്‍)
• വനിത സംവരണം: 3- കടുത്തുരുത്തി, 5- ഉഴവൂര്‍, 6- ഭരണങ്ങാനം, 7- പൂഞ്ഞാര്‍, 8- തലനാട്, 10- എരുമേലി, 13- കിടങ്ങൂര്‍,
14- അയര്‍ക്കുന്നം, 15- പാമ്പാടി, 19- പുതുപ്പള്ളി, 20- കുറിച്ചി.
• പട്ടികജാതി വനിത സംവരണം: 2- വെള്ളൂര്‍
• പട്ടികജാതി സംവരണം: 1- വൈക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.