കൊ​ത​വ​റ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​ർ​വ​ഹി​ക്കു​ന്നു

കൊതവറ പാലത്തിന്‍റെ നിര്‍മാണത്തിന് തുടക്കം

കോട്ടയം: വൈക്കം മണ്ഡലത്തിൽ ഉല്ലല-കൊതവറ റോഡിൽ കൊതവറ പാലത്തിന്‍റെ നിർമാണത്തിന് തുടക്കമായി. പാലത്തിന്‍റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർവഹിച്ചു. കൊതവറ പാലത്തിന് സമീപം നടന്ന ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.

കൊതവറ പാലം നിർമാണം പൂർത്തിയാകുന്നതോടെ ഉല്ലല, കൊതവറ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. തലയാഴം ഗ്രാമപഞ്ചായത്തിൽ വൈക്കം-വെച്ചൂർ റോഡിലെ ഉല്ലല ജങ്ഷനിൽ നിന്നു കൊതവറയിലേക്കുള്ള റോഡിൽ മൂന്നുമീറ്റർ മാത്രം വീതിയുള്ള കൊതവറ പാലം കാലപ്പഴക്കത്തെ തുടർന്ന് ജീർണിച്ച് അപകടാവസ്ഥയിലായിരുന്നു. വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ സുഗമമായി കടന്നു പോകുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.

3.25 കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. 5.50 മീറ്റർ കാര്യേജ് വേയും ഒരു വശത്ത് 1.50 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ ആകെ 7.75 മീറ്റർ വീതിയുണ്ടാകും. 13.90 മീറ്റർ നീളത്തിൽ സിംഗിൾ സ്പാനായി നിർമിക്കുന്ന പാലത്തിന്‍റെ ഇരുവശങ്ങളിലും 60 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും പദ്ധതിയുടെ ഭാഗമാണ്. എ.എ. ആൻഡ് എസ്. കൺസ്ട്രക്ഷൻസാണ് നിർമാണം ഏറ്റെടുത്തത്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നിലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന -മന്ത്രി പി.കെ. ബഷീർ

കോട്ടയം: അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നിട്ടുനില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സര്‍ക്കാറിന്‍റെ നയമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. കൊതവറ പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപ്രോച്ച് റോഡിനുള്ള സ്ഥലം പഞ്ചായത്തോ പൊതുജനങ്ങളോ ലഭ്യമാക്കിയാൽ അനിവാര്യമായ സ്ഥലങ്ങളിലെല്ലാം പാലങ്ങള്‍ നിർമിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പ് തയാറാണ്. സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാനത്ത് എല്ലായിടത്തും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ റോഡ് വികസന പദ്ധതികളില്‍ എലിവേറ്റഡ് ഹൈവേകളാണ് കൂടുതല്‍ അനുയോജ്യമാകുക എന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Kothavara Bridge Construction Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.