വൈക്കം-ടി.വി പുരം റോഡിൽ ക്ഷീര വികസന വകുപ്പിന്‍റെ സ്ഥലം കൈയേറി നടത്തിയ അനധികൃത നിർമാണം
ക്ഷീരവികസന വകുപ്പിന്‍റെ ഭൂമിയിൽ അനധികൃത നിർമാണമെന്ന് പരാതി
ടി.വി പുരം: ക്ഷീര വികസന വകുപ്പിന്‍റെ കീഴിലുള്ള സ്ഥലം കൈയേറി അനധികൃത നിർമാണമെന്ന് പരാതി. ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ വൈക്കം-ടി.വി. പുരം റോഡിൽ പള്ളിപ്പുറത്തുശ്ശേരി സെന്‍റ് ജോസഫ് എൽ.പി സ്കൂളിലേക്ക് തിരിയുന്ന വഴിയുടെ തെക്കുവശത്തായാണ് ക്ഷീരവികസന വകുപ്പിന്‍റെ കൈവശമുള്ള സ്ഥലം സ്ഥിതി ചെയുന്നത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് ഗ്രാമച്ചന്ത ആരംഭിക്കുന്നതിനു നൽകിയ അനുമതിയുടെ മറവിലാണ് സ്വകാര്യ വ്യക്തി അനധികൃത നിർമാണ പ്രവർത്തനം നടത്തിയത്.
പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ഗ്രാമച്ചന്ത നടത്തുവാൻ 11 മാസത്തെ കാലാവധിയിൽ പള്ളിപറത്തുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ കർഷക സംഘത്തിനു നൽകിയ അനുമതിയുടെ മറവിലാണ് ഈ നിർമാണ പ്രവർത്തനം നടന്നത്. കരാർ പ്രകാരം സ്ഥലത്ത് സ്ഥിര നിർമാണമോ സ്ഥിരമായ മാറ്റങ്ങളോ വരുത്താൻ പാടില്ലെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥക്ക് വിരുദ്ധമായാണ് നിലവിൽ നിർമാണപ്രവർത്തനങ്ങൾ.
പഞ്ചായത്ത് ഭരണസമിതിയുടെയും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് നിർമാണ പ്രവൃത്തികൾ നടന്നതെന്നാണ് ആക്ഷേപം. ഒരു മാസക്കാലമായി നടന്നുവരുന്ന നിർമാണ പ്രവൃത്തി ബന്ധപ്പെട്ട അധികാരികൾ കണ്ടില്ലെന്ന മട്ടിലാണ്. പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റോപ് മെമ്മോ നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികാരികളും ക്ഷീരവികസന വകുപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.