കോട്ടയം: പ്രളയക്കെടുതിയിൽ തകർന്ന പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനർ നിർമിക്കാൻ ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്. കെ.മാണി എം.പി അറിയിച്ചു.
സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നൽകിയത്. 2024-25-ലെ സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച് തുക വകയിരുത്തിയിരുന്നു. വിശദ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാക്കി നിർമിച്ചത്.
ജില്ലയിലെ ഏക സിന്തറ്റിക് സ്റ്റേഡിയം എന്നതിലുപരി സമീപ ജില്ലകളിലെ കായിക താരങ്ങളും പരിശിലനം നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. നിരവധി സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി മൽസരങ്ങൾക്കാണ് ഓരോ വർഷവും ഈ സ്റ്റേഡിയം വേദിയാകുന്നത്. തുടർച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും സ്റ്റേഡിയത്തിലെ ട്രാക്കുകൾക്ക് കേടു പാടുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ അടർന്ന് പോവുകയും ഇത് കായിക പ്രേമികളെ നിരാശരാക്കുകയും ചെയ്തിരുന്നു.
ജോസ് കെ.മാണി എം.പിയും തോമസ് ചാഴിക്കാടനും ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതേ തുടർന്ന് ബജറ്റിൽ ഏഴ് കോടി രൂപ ഉൾപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഉടൻ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന കായികവകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ജോസ്.കെ. മാണി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.