കോട്ടയം: ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലുമായി ജില്ലയിൽ നശിച്ചത് 1,33,847 കിലോ അരി. 950 ലിറ്റർ മണ്ണെണയും 18,843 കിലോ ഗോതമ്പും 8089 കിലോ ആട്ടയും 826 കിലോ പഞ്ചസാരയും ഉപയോഗശൂന്യമായി.
മഴയിലും പ്രളയത്തിലും കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നഷ്ടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 13, മീനച്ചിൽ താലൂക്കിൽ നാല്, ചങ്ങനാശ്ശേരി താലൂക്കിൽ രണ്ട് എന്നിങ്ങനെ 19 റേഷൻ കടകളിലെ ഉൽപന്നങ്ങൾ പ്രളയത്തിൽ പൂർണമായി നശിച്ചു. മൊത്തം 62,83,949 രൂപയുടെ നഷ്ടമാണ് വിലയിരുത്തിയത്. കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രി ജി.ആർ. അനിലിെൻറ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ നഷ്ടങ്ങൾ വിലയിരുത്തി.യോഗത്തിൽ പ്രളയബാധിത പ്രദേശത്ത് റേഷൻ വിതരണത്തിന് തടസ്സമുണ്ടാകാത്തവിധം മൊബൈൽ റേഷൻഷോപ്പുകൾ അടക്കം പ്രവർത്തിപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അടിയന്തരമായി റേഷൻവിതരണം പുനഃസ്ഥാപിക്കുന്നതിനും റേഷൻ കാർഡ് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി കാർഡ് ലഭിക്കുന്നതിനും വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കാനം, മുണ്ടക്കയം, എരുമേലി നോർത്ത്, എരുമേലി സൗത്ത്, കാഞ്ഞിരപ്പള്ളി, ചിറക്കടവ് വില്ലേജുകളിലെ റേഷൻകടകളിലെ ഭക്ഷ്യവസ്തുക്കളാണ് നശിച്ചത്. 40,510,26 രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, മൂന്നിലവ് വില്ലേജുകളിലായി 10,18,392 രൂപയുടെ നഷ്ടമുണ്ടായി. ചങ്ങനാശ്ശേരി താലൂക്കിലെ വെള്ളാവൂരിൽ 12,18,450 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
വെള്ളംകയറിയ കടകളിലെ സ്റ്റോക്ക് പരിശോധന പൂർത്തിയാക്കി റവന്യൂ ഉദ്യോഗസ്ഥരുടെയും കലക്ടറുടെയും നേതൃത്വത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടയുടമകൾക്ക് ഭക്ഷ്യധാന്യങ്ങളുടെ അളവിനനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉടൻ റേഷൻ കാർഡ് നൽകും
റേഷൻകാർഡ് നഷ്ടപ്പെട്ടവർക്ക് ബന്ധപ്പെട്ട റേഷൻ കടകളിലൂടെയോ താലൂക്ക് സപ്ലൈ ഓഫിസുകൾ വഴിയോ വിവരം അറിയിച്ചാൽ അടിയന്തരമായി കാർഡ് ലഭ്യമാക്കും. കഴിഞ്ഞദിവസം തന്നെ ഏതാനും പേർക്ക് കാർഡ് ലഭ്യമാക്കി. റേഷൻ കടകൾ കൂടാതെ രണ്ട് മാവേലി സ്റ്റോറുകളും പ്രളയത്തിൽ നശിച്ചിരുന്നു.
രണ്ടിടത്തും മൊബൈൽ മാവേലി സ്റ്റോറുകൾ സ്ഥാപിച്ച് അവശ്യസാധനങ്ങൾ വിതരണം ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കി. മണിമല പ്രദേശത്ത് സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
ശുചീകരണ പ്രവർത്തനം നടത്താൻ കഴിഞ്ഞിട്ടില്ലാത്ത ഇടങ്ങളിൽ ആ റേഷൻകട മൊബൈൽ റേഷൻ ഷോപ്പായി പ്രവർത്തിപ്പിക്കും. റേഷൻകാർഡ് ഉടമകൾക്ക് ഈ മൊബൈൽ ഷോപ്പുകളിൽനിന്ന് അരിയും മറ്റ് ഉൽപന്നങ്ങളും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.