കോട്ടയം : വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പി.സി സുരേഷ് (64) ആണ് ബുധനാഴ്ച പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം. പള്ളിക്കത്തോട് ആനിക്കാട് വടക്കുംഭാഗത്ത് കോക്കാട്ട്മുണ്ടക്കൽ വീട്ടിൽ സുനിൽ കെ.തോമസിന്‍റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകൾ മോഷണം പോയിരുന്നു. തുടർന്ന് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് കരുവാരക്കുണ്ട് ഭാഗത്ത് നിന്നും പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മുൻപ് ഈരാറ്റുപേട്ട പനച്ചിപ്പാറ ഭാഗത്ത് താമസിച്ചിരുന്ന ഇയാളുടെ പേരിൽ കോട്ടയം ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ഇപ്പോൾ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന പ്രതി കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളിൽ ആ സ്ഥലങ്ങളിൽ മോഷണം നടത്തി തിരികെ പോകുന്നതായിരുന്നു പതിവ്. പള്ളിക്കത്തോട് എസ്.എച്ച്.ഒ കെ.പി തോംസൺ എസ്.ഐ മാരായ പി.എൻ ഷാജി, പി.എസ് പ്രസാദ്, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ ഷമീർ, രാഹുൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.