കോട്ടയം മെഡിക്കൽ കോളജ് റേഡിയേഷൻ മുറിയിൽ വെള്ളക്കെട്ട്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അർബുദ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന മുറിയിൽ വെള്ളക്കെട്ട്. മഴ കനത്തതോടെയാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. മെഡിക്കൽ കോളജിലെ പഴയ ബ്ലോക്കിലാണ് റേഡിയേഷൻ മുറി. അർബുദ വിഭാഗത്തിന്‍റെ മുൻഭാഗത്തായുള്ള ഈ കെട്ടിടത്തിലെ ഉപയോഗശൂന്യമായ ശുചീകരണമുറിയിൽ കൂടിയാണ് മലിനജലം റേഡിയേഷൻ മെഷീൻ പ്രവർത്തിപ്പിക്കുന്ന മുറിയിലേക്ക് ഒഴുകിയെത്തുന്നത്.

കെട്ടിടത്തിന്‍റെ ഡ്രെയിനേജ് സംവിധാനം ഉയർന്ന നിലയിലും റേഡിയേഷൻ മുറി താഴ്ന്ന നിലയിലുമാണ്. മഴ കനത്തതോടെ ഓടയിൽനിന്ന് വെള്ളം കവിഞ്ഞൊഴുകി മുറികളിലൂടെ ഒഴുകുകയായിരുന്നു. ശുചിമുറിയിൽനിന്ന് കോൺക്രീറ്റിനുള്ളിലൂടെ വെള്ളം ചോർന്നൊലിക്കുകയും ചെയ്യും.

മുറിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതറിഞ്ഞ് കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ മറ്റൊരു ഡ്രെയിനേജ് സംവിധാനം തുറന്ന് അതിലൂടെ മലിനജലം ഒഴുക്കിവിട്ട ശേഷം ശുചീകരണ പ്രവർത്തനം നടത്തി ഉപയോഗപ്രദമാക്കുകയായിരുന്നു. ജൂൺ ഒന്നിനാണ് കേടായ റേഡിയേഷൻ മെഷീൻ നന്നാക്കി രോഗികൾക്ക് ചികിത്സ നൽകി തുടങ്ങിയത്. മഴ കനത്തതോടെ ചോർന്നൊലിക്കുന്ന മുറിയിൽ ചികിത്സ അസാധ്യമായി.

ഇതിനിടയിൽ മുറിയിലെ വെള്ളത്തിൽ ചവിട്ടി രോഗി തെന്നിവീണതായും പറയുന്നു.ദിനേന 160ഓളം രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്ന കെട്ടിടവും ഉപകരണങ്ങളും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നതാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.

Tags:    
News Summary - Waterlogging in Kottayam Medical College radiation room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.