കോട്ടയം മെഡിക്കൽ കോളജിലെ മൂന്നാം വാർഡിൽ വരാന്തയിൽ കിടക്കുന്ന രോഗികളെ ഡോക്ടർമാർ പരിശോധിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ മെഡിസിൻ വാർഡിലേക്ക് ഒന്ന് വരണം. കിടക്കാൻ കട്ടിൽ പോയിട്ട് നിലത്തു പോലും ഇടമില്ലാതെ രോഗികൾ നരകിക്കുന്ന കാഴ്ച കാണാം. തറയിൽ കിടന്ന് വിറയ്ക്കുന്ന രോഗികളെ പരിശോധിക്കാൻ വിഷമിക്കുന്ന ഡോക്ടർമാരെയും പരിചരിക്കാൻ പെടാപ്പാട് പെടുന്ന നഴ്സിങ് സ്റ്റാഫിനെയും കാണാം. മെഡിസിൻ വാർഡുകളായ രണ്ട്, മൂന്ന് വാർഡുകളിലാണ് ഈ ശോച്യാവസ്ഥ. ഏറ്റവും കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കുന്നത് മെഡിസിൻ വാർഡുകളിലാണ്. രണ്ട്, മൂന്ന്, ആറ് എന്നീ വാർഡുകളാണ് മെഡിസിൻ വിഭാഗത്തിലെ പുരുഷന്മാർക്കുള്ളത്.
ഒരു വാർഡിൽ ശരാശരി 60 കിടക്കകളുണ്ടെങ്കിലും 180 ഓളം രോഗികളാണ് ഒരു വാർഡിൽ തന്നെയുള്ളത്. കിടക്കകളുടെ മൂന്നിരട്ടി. അതിനാൽ എല്ലാവർക്കും കിടക്കകൾ ലഭിക്കാറില്ല. 60 കിടക്കകൾ ഉണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ ഗുരുതരമായി എത്തുന്ന രോഗികൾക്കു പോലും കിടക്കകൾ നൽകാൻ കഴിയാതെ വാർഡുകളുടെ ചുമതലയുള്ള നേഴ്‌സിങ് അധികൃതർ ബുദ്ധിമുട്ടുകയാണ്. കിടക്കകൾ ലഭിക്കാത്ത രോഗികൾ രണ്ടു കട്ടിലുകൾക്കിടയിലുള്ള സ്ഥലത്തും ആശുപത്രി വരാന്തയിലുമായാണ് കിടക്കുന്നത്. പനി പിടിച്ചു വിറയ്ക്കുന്ന രോഗികളും വെറും തറയിൽ കിടക്കേണ്ട ഗതികേട്. ഇവരെ പരിശോധിക്കുവാൻ ഡോക്ടർമാർ ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. കുനിഞ്ഞു നിന്നും തറയിൽ ഇരുന്നുമാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്.
സാമ്പത്തികമായി ഏറെ പിന്നിൽ നില്ക്കുന്ന രോഗികളാണ് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. കടുത്ത രോഗാവസ്ഥയിലും ഇവർ തറയിൽ കിടക്കേണ്ടി വരുന്നത് ഏറെ പരിതാപകരമാണ്. കൂടുതൽ കിടക്കകളോടുകൂടി കൂടുതൽ മെഡിസിൻ വാർഡുകൾ ക്രമീകരിച്ചാൽ മാത്രമെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാകുകയുള്ളു. അതോടൊപ്പം ആവശ്യമായ ഡോക്ടർമാരെയും നിയമിക്കണം. ഇതിന് സർക്കാർ മുൻകൈയെടുക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
മുൻ സർക്കാറിന്‍റെ കാലത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ആരോഗ്യപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പുതിയ സർക്കാറിലാണ് എല്ലാ പ്രതീക്ഷകളുമെന്നും ഇവർ പറയുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് നടപ്പാക്കിയാൽ 70 കഴിഞ്ഞ രോഗികൾക്ക് ലിസ്റ്റ് ചെയ്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാനാകും. ഇത് മെഡിക്കൽ കോളജിലെ രോഗികളുടെ തിരക്ക് കുറയ്ക്കുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.