കാരിത്താസ് അമ്മഞ്ചേരി ഫ്ലൈ ഓവറിന് സമീപം മരത്തിൽ കുടുങ്ങി അബോധാവസ്ഥയിലായ തൊഴിലാളിയെ അഗ്നിരക്ഷാസേന
താഴെയിറക്കുന്നു
കോട്ടയം: കൊമ്പ് വെട്ടാൻ കയറി മരത്തിൽ കുടുങ്ങി അബോധാവസ്ഥയിലായ തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു. മരം വെട്ട് തൊഴിലാളിയായ സിജു (42) ആണ് രക്തസമ്മർദ്ദം താഴ്ന്ന് 70 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ 11ഓടെ കാരിത്താസ് അമ്മഞ്ചേരി ഫ്ലൈ ഓവറിന് സമീപമായിരുന്നു സംഭവം. മരത്തിന്റെ ഏറ്റവും മുകളിലെത്തിയപ്പോഴാണ് രക്തസമ്മർദ്ദം താഴ്ന്നത്.
തളർന്ന് താഴെ വീഴാതിരിക്കാൻ സ്വയം ശരീരത്തിൽ കയർ കെട്ടി മരത്തിൽ ബന്ധിപ്പിച്ചത് രക്ഷയായി. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫിസർ ബിജു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിബു വി. നായർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി. ഫയർ റെസ്ക്യൂ ഓഫിസർ അബ്ബാസി ഏണി ഉപയോഗിച്ച് മരത്തിൽ കയറി തളർച്ച മാറ്റാൻ വെള്ളം നൽകി സിജുവിനെ പിടിച്ചുനിന്നു.
തുടർന്ന് കപ്പിയും കയറും ഉപയോഗിച്ച് താഴെയുള്ളവരുടെ സഹായത്താൽ അതിസാഹസികമായി താഴേക്ക് ഇറക്കുകയായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തൊഴിലാളിയെ താഴെ എത്തിച്ചത്.
ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടലാണ് തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അജയകുമാർ, സജീഷ്, സ്വാഗത്, അനീഷ് ജി. നായർ, അബ്ദുൽ റഷീദ് (ചങ്ങനാശ്ശേരി അഗ്നിശമനസേന), ഫയർ വുമൺ അനു, ആഷ്ന, ഹോം ഗാർഡ് അനിൽ കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.