നാശോന്മുഖമായ കുറിച്ചി ചകിരി ഫാക്ടറി

തുറന്നു, പിന്നാലെ നിലച്ചു; കുറിച്ചി ചകിരി ഫാക്ടറി പ്രവർത്തനരഹിതമായിട്ട് 30 വർഷം

ചങ്ങനാശ്ശേരി: കുറിച്ചിയിലെ ചകിരി സംസ്കരണ ഫാക്ടറി പ്രവർത്തനരഹിതമായിട്ട് മൂന്ന് പതിറ്റാണ്ട്. താലൂക്ക് ചകിരി വ്യവസായ സഹകരണ സംഘം 1993ൽ പഞ്ചായത്തിലെ കലാവടക്കൻമുക്കിൽ 50 ലക്ഷം രൂപ മുടക്കിയാണ്​ ഫാക്ടറി സ്ഥാപിച്ചത്​.

എന്നാൽ, തുടങ്ങി ആറാംമാസം വ്യവസായ സംരംഭം പൂട്ടി. എം.വി. രാഘവൻ സഹകരണ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, കയർ ബോർഡ്​ എന്നിവിടങ്ങളിൽനിന്നും ആനുകൂല്യം ലക്ഷ്യമിട്ടാണ് സ്ഥാപനം തുടങ്ങിയത്. ചകിരി സംസ്കരണത്തിനായി സ്ത്രീ തൊഴിലാളികളും യന്ത്രം പ്രവർത്തിപ്പിക്കാൻ ഓപറേറ്ററുമുണ്ടായിരുന്നു.

കൃഷി ചെയ്തിരുന്ന രണ്ടേക്കർ നിലം നികത്തിയാണ് ഫാക്ടറി സ്ഥാപിച്ചത്. വൻതുക ചെലവഴിച്ച് കെട്ടിടവും യന്ത്രസാമഗ്രികളും സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഉദ്ഘാടനംപോലും നടത്താതെയാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

പിന്നീട്​ വൈദ്യുതി ചാർജ്​ തുകയായ നാലു ലക്ഷത്തിൽപരം രൂപയും ഇതിന്റെ പലിശയും അടക്കാത്തതിനാൽ കെട്ടിടമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ 2009 ആഗസ്റ്റ് 25ന് ജപ്തി ചെയ്തിരുന്നു. പിന്നീട് തുകയും പലിശയും സർക്കാർ ഇടപെട്ട് എഴുതിത്തള്ളുകയും 2010 ജൂലൈ 16ന് ജപ്തി നടപടികൾ ഒഴിവാക്കി കൊടുക്കുകയും ചെയ്തു. കെട്ടിടത്തിലെ യന്ത്രസാമഗ്രികൾ പലതും കാണാനുമില്ല. ഉള്ളവ തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. കാറ്റടിച്ച് കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റുകൾ പറന്നുപോയി. ഫാക്ടറിക്കുള്ളിൽനിന്ന്​ മരങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. കെട്ടിടവും സ്ഥലവും മറ്റു ചെറുകിട സംരംഭങ്ങൾക്ക്​ വിനിയോഗിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നിരവധി പദ്ധതികൾ എത്തുമ്പോൾ അടിസ്ഥാന സൗകര്യമടക്കമുള്ള വലിയ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

ഫാക്ടറി സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത് പൊതുസംരംഭം ആരംഭിച്ച് പ്രദേശവാസികൾക്ക്​ തൊഴിൽ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യവും ശക്തമാണ്​.

Tags:    
News Summary - Kuichy Factory Closed since 30 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.