അറസ്റ്റിലായ ജിഷ്ണു രാജേഷ്, അഭിനവ്,
മിസ്ഹബ് അബ്ദുൽ റഹ്മാന്‍ എന്നിവര്‍
കടുത്തുരുത്തി: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുയുവാക്കളെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ മിസ്ഹബ് അബ്ദുൽ റഹ്മാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായത്. 17 ഉം 16 ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ മൊഴിയിലാണ് കേസ്.
പ്രതികളിലൊരാളായ അഭിനവ് രണ്ടുവര്‍ഷം മുമ്പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ച് ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് ഇയാള്‍ തട്ടിപ്പിന് കളമുണ്ടാക്കിയത്. മറ്റു പ്രതികള്‍ മാസങ്ങള്‍ക്കുമുമ്പ് ഇവിടെ എത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കടുത്തുരുത്തിയില്‍ ഒരുവീട്ടിലും കല്ലറയിലെ ഒരു ലോഡ്ജിലുമായി ഏറെ നാള്‍ താമസിച്ച പ്രതികള്‍ ആദ്യം കല്ലറക്കാരിയായ പെണ്‍കുട്ടിയെയാണ് പ്രണയത്തില്‍ കുരുക്കിയത്. മൂന്നുപ്രതികളും ഇക്കാര്യത്തിൽ പരസ്പരം സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കടുത്തുരുത്തിയിലെ ലോഡ്ജിലും ഇവര്‍ മുറിയെടുത്ത് താമസിച്ചിരുന്നു.
ഇവിടെ പെൺകുട്ടിക്കൊപ്പം കണ്ടതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കടുത്തുരുത്തി, കല്ലറ, മുട്ടുചിറ, തലയോലപ്പറമ്പ്, വടയാര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത്തരം യുവാക്കള്‍ കറങ്ങിനടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും നടത്തുന്നവരാണ് പിടിയിലായവർ. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കടുത്തുരുത്തി എസ്.എച്ച്.ഒ കെ.ജെ. തോമസ്, എസ്.ഐ വിബിന്‍ ചന്ദ്രന്‍, എ.എസ്.ഐമാരായ സി.ടി. റെജിമോന്‍, വി.വി. റോജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജി.സി. തുളസി, സി.പി.ഒമാരായ എ.എ. അരുണ്‍, അനൂപ് അപ്പുക്കുട്ടന്‍, എ.കെ. പ്രവീണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.