ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം കോട്ടയം ബസേലിയോസ് കോളജിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു
കോട്ടയം: സമൂഹത്തിൽ ലഹരിക്കെതിരായ മാനസികാവസ്ഥ വളർത്തുന്നതിനുള്ള ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബസേലിയസ് കോളജിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിപത്തിനെ നിസ്സാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണം. കുട്ടികൾ പോലും പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപനയെ കാണുമ്പോൾ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വളർന്നുവരുന്ന തലമുറയെ തകർക്കുന്ന വിപത്താണ് ലഹരിയെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ ജീവനക്കാർക്ക് മൊമന്റോ സമ്മാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ലഹരിവിരുദ്ധ പോസ്റ്റർ സ്പീക്കർ പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനമായി പ്രഖ്യാപിച്ച ആദ്യ നൂറു സ്കൂളുകൾക്ക് ഡെപ്യൂട്ടി കലക്ടർ സജിത് നാസർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബസേലിയസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എം.വി. കൃഷ്ണരാജ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ടുബാക്കോ കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫിസർ ഡോ. സി.ജെ. സിത്താര, കെ. അനിൽകുമാർ, ടി.ആർ. ബിജു എന്നിവർ സംസാരിച്ചു.
ബോധവത്കരണ ക്ലാസിന് കേരള വളൻഡറി ഹെൽത്ത് സർവിസ് എക്സിക്യൂട്ടിവ് ഡയറക്ടർ സാജു വി. ഇട്ടി നേതൃത്വം നൽകി. മേയ് 31നാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.