കോട്ടയം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ജില്ലയിലെ 3738 കാർഡ് ഉടമകൾ മുൻഗണന വിഭാഗത്തിൽനിന്ന് പുറത്ത്. മുൻഗണന വിഭാഗത്തിൽപെടുന്ന (പി.എച്ച്.എച്ച്) 3204 കുടുംബമാണ് തുടർച്ചയായി മൂന്നുമാസം റേഷൻ കടകളിൽ എത്താതിരുന്നത്. ഇവരെ പൊതുവിഭാഗം (മുൻഗണനേതര വിഭാഗം എൻ.പി.എൻ.എസ്) റേഷൻകാർഡിലേക്ക് തരംമാറ്റി. ഒപ്പം അന്ത്യോദയ അന്നയോജന (എ.എ.വൈ.) വിഭാഗം റേഷൻകാർഡുകൾ കൈവശം വെച്ചിട്ടുള്ള 530 കുടുംബങ്ങളും പൊതുവിഭാഗം സബ്സിഡിയുള്ള (എൻ.പി.എസ്.) നാല് റേഷൻകാർഡ് ഉടമകളും ആനുകൂല്യങ്ങൾ കൈപ്പറ്റിയില്ല.
ഇവരുടെ റേഷൻ കാർഡും പൊതുവിഭാഗത്തിലേക്ക് മാറ്റി. ആനുകൂല്യങ്ങളുള്ള കാർഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷൻ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയാറാക്കിയാണ് മുൻഗണന വിഭാഗത്തിൽനിന്ന് നീക്കിയത്. ഇവരുടെ കാർഡുകൾ പൊതുവിഭാഗത്തിൽ തുടരും. അതേസമയം, വ്യക്തമായ കാരണങ്ങളുള്ള കാർഡ് ഉടമകൾക്ക് അപേക്ഷ നൽകി വീണ്ടും സബ്സിഡി വിഭാഗത്തിലേക്ക് എത്താൻ അവസരമുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഒഴിവുവന്ന സബ്സിഡി വിഭാഗത്തിലേക്ക് പുതിയതായി അപേക്ഷ നൽകിയവരെ ഉൾപ്പെടുത്തും. മുൻഗണന കാർഡ് ലഭിക്കാൻ ആയിരക്കണക്കിന് പേരാണ് അപേക്ഷകളാണ് നൽകിയിരിക്കുന്നത്. വസ്തുതകൾ മറച്ചുവെച്ച് മുൻഗണന പട്ടികയിൽ കടന്നുകൂടിയവരിൽ പിഴ ഈടാക്കാനുള്ള നടപടിയും നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.