കോട്ടയം ചിങ്ങവനം​ സ്​റ്റേഷനിൽ 35 പൊലീസുകാർക്ക്​ കോവിഡ്​

കോട്ടയം: ചിങ്ങവനം പൊലീസ്​ സ്​റ്റേഷനിൽ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ അടക്കം 35 പൊലീസുകാർക്ക്​ കോവിഡ്​. കഴിഞ്ഞ നാലുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ്​ ഇത്രയും പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 20 പേർ നാട്ടകത്തെ പോളി മെൻസ്​ ഹോസ്​റ്റലിൽ ക്വാറൻറീനിലാണ്​.

ശ്വാസതടസ്സമുള്ള ഒരാൾ പാമ്പാടിയിലെ കോവിഡ്​ സെൻററിലും മറ്റുള്ളവർ വീട്ടിലും. 35 പേർ ക്വാറൻറീനിലായതോടെ സ്​റ്റേഷൻ പ്രവർത്തനം താറുമാറായി. കഴിഞ്ഞ ദിവസം ഒരു പൊലീസുകാരന്​ കോവിഡ്​ വന്നതിനെതുടർന്നാണ്​ മറ്റുള്ളവർക്ക്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തിയത്​. എന്നാൽ, പ്രൈമറി കോണ്ടാക്​ടുകളായ ആരെയും ക്വാറൻറീനിലാക്കാതിരുന്നതാണ്​ കൂടുതൽ പൊലീസുകാർക്ക്​ അസുഖം പകരാൻ കാരണമായതെന്ന്​ പറയുന്നു.

പ്രൈമറി കോണ്ടാക്​ടുകളായ മറ്റ്​ പൊലീസുകാരും നിലവിൽ ഡ്യൂട്ടിയിലാണ്​. ഇവർക്ക്​ കൂടി രോഗം വന്നാൽ സ്​റ്റേഷൻ അടച്ചിടേണ്ടിവരും. 45 പേരാണ്​ സ്​റ്റേഷനിൽ ആകെയുള്ളത്​. ഇവരിൽ 35 പേർ മാറിനിന്നതോടെ സ്​റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്​തംഭിച്ചു. ഡ്യൂട്ടിക്ക്​ പോലും ആളില്ലാത്ത അവസ്​ഥയാണ്​. ഉള്ളവർക്ക്​ ജോലിഭാരവും വർധിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ്​ പി.ആര്‍.ഒക്കും രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും വനിത പൊലീസ് ഓഫിസര്‍ക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് റൈറ്റര്‍ക്കും രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സംശയിച്ച് നടത്തിയ ടെസ്​റ്റില്‍ ഏഴുപേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു.

ഇലക്​ഷന്‍ ഡ്യൂട്ടിക്കായി ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച 20 ഉദ്യോഗസ്ഥരെ കൊല്ലത്തേക്ക് നിയോഗിച്ചിരുന്നു. ഇവരില്‍ രോഗം സ്ഥിരീകരിച്ച ഒരാളുമുണ്ടായിരുന്നു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ സ്​റ്റേഷനുകളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിങ്ങവനം സ്​റ്റേഷനിലും കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വോ​ട്ടെണ്ണൽ നടക്കാനിരിക്കെ സ്​റ്റേഷനിൽ ഇത്രയധികം പേർക്ക്​ ഒന്നിച്ച്​ അസുഖം വന്നത്​ ഉന്നത പൊലീസ്​​ ഉദ്യോഗസ്​ഥരെയും അങ്കലാപ്പിലാക്കി​.

Tags:    
News Summary - 35 police officers tested positive in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.