മനയ്ക്കക്കരിയിലെ പുറംബണ്ട് ജനപ്രതിനിധികളും പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

ദുരിതത്തുരുത്തിൽ വഴിമുട്ടി 35 കുടുംബങ്ങൾ

തലയോലപറമ്പ്: ജലാശയത്തിനും പാടശേഖരത്തിനും നടുവിൽ പുറംലോകത്തെത്താൻ മാർഗമില്ലാതെ ജീവിതം വഴിമുട്ടി 35 നിർധന കുടുംബങ്ങൾ. തലയോലപറമ്പ് പഞ്ചായത്ത് 14ാം വാർഡ് മനയ്ക്കക്കരിയിൽ നാട്ടുതോടിന്‍റെയും കരിയാറിന്‍റെയും തീരത്തും പാടശേഖരത്തിനു നടുവിലുമായി താമസിക്കുന്നവരാണ് സമാനതകളില്ലാത്ത ജീവിതദുരിതം പേറുന്നത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും പട്ടികജാതി കുടുംബങ്ങളാണ്. തലയോലപറമ്പ്- എഴുമാംതുരുത്ത് റോഡുമായി ബന്ധപ്പെട്ട മനയ്ക്കക്കരി കലുങ്ക് പാലം കടന്നാണ് മനയ്ക്കക്കരി നിവാസികൾ വീടുകളിലേക്ക് പോകുന്നത്. കലുങ്കിൽനിന്ന് അര കിലോമീറ്റർ മാത്രമാണ് വാഹന ഗതാഗതം സാധ്യമാകുന്ന റോഡുള്ളത്. തുടർന്ന് കൃഷി സംരക്ഷിക്കാനായി മുണ്ടോടി-കരിയാർ തോടിന്റെ തീരത്ത് തീർത്ത കഷ്ടിച്ചു നടന്നുപോകാവുന്ന ഉയരം കുറഞ്ഞ ഇടുങ്ങിയ മൺചിറയിലൂടെ വേണം പുറംലോകവുമായി ബന്ധപ്പെടാൻ.

ചെറിയ മഴ വന്നാൽ തന്നെ മൺചിറ ചളിക്കുണ്ടായി ആളുകൾ തെന്നിവീഴും. മഴ കനത്താൽ ബണ്ട് കരകവിഞ്ഞ് വീടുകൾക്കുള്ളിൽ വെള്ളം കയറും. വർഷകാലത്തെ ദുരിതപൂർണമായ ജീവിതത്തിൽ മനം മടുത്ത് കൂലിപ്പണിക്കാരായ ഏതാനും കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറി. വിവാഹം നടക്കാതെ വന്നതോടെ വാടക വീടുകളിലേക്കു മാറി വിവാഹം കഴിച്ചവരുമുണ്ട്. പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തുനിന്ന് വിട്ടുപോകാൻ മടിക്കുന്ന വയോജനങ്ങളെ കരുതി ദുരിതങ്ങൾ സഹിച്ച് കഴിഞ്ഞുകൂടുകയാണ് കുടുംബാംഗങ്ങൾ. കാലവർഷം എത്തുന്നതോടെ അസുഖബാധിതരാകുന്ന വയോജനങ്ങളെ കസേരയിലിരുത്തി ചുമന്ന് കൊണ്ടുപോയി വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിലെത്തിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് വള്ളത്തിൽ കെട്ടിട നിർമാണ സാമഗ്രികളെത്തിച്ച് നിർമിച്ച വീടുകൾ ഭൂരിഭാഗവും ജീർണാവസ്ഥയിലാണ്. ഗതാഗത സൗകര്യമില്ലാത്തതിനാൽ പുതിയവീട് നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. പാടശേഖരത്തിന്റെ പുറംബണ്ട് മൂന്ന് മീറ്റർ വീതിയിൽ കരിങ്കൽ ഭിത്തികെട്ടി മണ്ണ് നിറച്ച് വാഹന ഗതാഗതം സാധ്യമാകുന്ന റോഡ് തീർക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഈ ജീവിത ദുരിതത്തിന് പരിഹാരമുണ്ടാക്കുമെന്ന് പലരും വാഗ്‌ദാനം ചെയ്യാറുണ്ടെങ്കിലും പ്രാവർത്തികമാകാറില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - 35 families stranded in a crisis-hit area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.