18 മണിക്കൂ​റിനൊടുവിൽ ലോറി ഉയർത്തി; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തി​ലേക്ക്​ മറിഞ്ഞ ലോറിയിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുമാനൂർ പാറശ്ശാല പരശിക്കൽ ആടുമങ്ങാട്​ എസ്​.എസ്. ഭവനിൽ ബി. അജികുമാറാണ് ​​(46) മരിച്ചത്​. 18​ മണിക്കൂ​റോളം നീണ്ട പരിശ്രമത്തിനൊടുവിൽ​ ലോറി ഉയർത്തിയതോടെയാണ്​ സ്റ്റിയറിങ്ങിനോട്​ ചേർന്ന നിലയിൽ മൃതദേഹം ​​കണ്ടെത്തിയത്​. കാബിന്‍റെ വാതിൽ തകർത്താണ്​ മൃതദേഹം പുറത്തെടുത്തത്​. വെള്ളിയാഴ്ച രാത്രി 9.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മുട്ടത്തെ കൊഴുവത്തറ ഏജൻസിയെന്ന വളം ഡിപ്പോയിൽനിന്ന്​ യൂറിയ, ഫാക്ടംഫോസ്​, പൊട്ടാഷ്​ എന്നിവ കയറ്റി ആലപ്പുഴ ചേപ്പാട്ടേക്ക്​​ പോകുന്നതിനിടെ പാറക്കുളത്തിലേക്ക്​ ലോറി മറിയുകയായിരുന്നു. ഡ്രൈവര്‍ മാത്രമാണ്​ ഉണ്ടായിരുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച്​ അഗ്​നിരക്ഷാസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. ക്രെയിൻ എത്തിച്ച്​ ലോറി ഉയർത്താൻ പുലർച്ചവരെ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെ നിർത്തിയ രക്ഷാപ്രവർത്തനം ശനിയാഴ്ച രാവിലെ ചങ്ങനാശ്ശേരിയിൽനിന്ന്​ 30 ടൺ വഹിക്കാൻ ശേഷിയുള്ള രണ്ട്​ ക്രെയിൻ എത്തിച്ച്​ പുനരാരംഭിച്ചു. സ്കൂബ ടീം കുളത്തിനടിയിലേക്ക്​ മുങ്ങി ലോറിയിൽ ​ക്രെയിനിന്‍റെ സ്റ്റീൽ റോപ്​ ഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമങ്ങളിൽ വിജയിച്ചില്ല. ചതുപ്പുനിറഞ്ഞ കുളത്തിൽ വലിയതോതിൽ മാലിന്യവും ​​​ചെടികളും നിറഞ്ഞത്​ ദൗത്യം ക്ലേശകരമാക്കി. ഏറെനേ​രത്തെ പരിശ്രമത്തിനൊടുവിൽ സ്റ്റീൽ റോപ് ഘടിപ്പിച്ചെങ്കിലും ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇത്​ ഘടിപ്പിച്ച ലോറിയുടെ ഭാഗം അടർന്നതോടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ സ്ഥല​ത്തെത്തിയ മന്ത്രി വി.എൻ. വാസവനും ജില്ല കലക്ടറും അടുത്തശ്രമം വിജയിച്ചില്ലെങ്കിൽ നേവിയെ വിളിക്കുമെന്ന്​ ബന്ധുക്കളെ അറിയിച്ചു. കുളത്തിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. ഇതിനിടെ റോപ് വാഹനത്തിൽ ഘടിപ്പിക്കാൻ അഗ്​നിരക്ഷാസേനക്ക്​ കഴിഞ്ഞു. തുടർന്ന്​ ഇരുക്രെയിനും ഉപയോഗിച്ച് വൈകീട്ട്​ 3.30ഓടെ മൂന്നാം ശ്രമത്തിൽ ലോറി ഉയർത്തി. പിന്നീട്​ ലോറി കരയിലേക്ക്​ അടുപ്പിച്ച്​ മൃതദേഹം ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. 60 അടിയോളം താഴ്​ചയുള്ള കുളത്തിൽ 15 അടിയോളം താ​ഴ്ചയിലായിരുന്നു ലോറി. ഇതിലുണ്ടായിരുന്ന 10 ടണ്ണോളം വളം അലിഞ്ഞുപോയ നിലയിലായിരുന്നു. അജികുമാറിന്‍റെ സ്വന്തം ലോറിയായിരുന്നു ഇത്​. നേരത്തേ പലതവണ അജി ഇവിടെയെത്തി വളം കയറ്റിപ്പോയിരുന്നു. ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞെങ്കിലും ഒരു ആരോഗ്യപ്രശ്നവുമില്ലെന്ന്​ സഹോദരൻ അനിൽകുമാർ പറഞ്ഞു. റോഡിലേക്ക്​ സമീപത്തെ ഇഞ്ചകൾ വളർന്നുനിൽക്കുന്ന സ്ഥിതിയായിരുന്നു. ഇതിനെ വെട്ടിച്ചുമാറ്റുന്നതിനിടെ റോഡരികിലെ തിട്ട​ തകർത്ത്​ കുളത്തിലേക്ക്​ വീണതാകാമെന്നാണ്​ പ്രാഥമിക നിഗമനം. സുനിതയാണ്​ അജികുമാറിന്‍റെ ഭാര്യ. മക്കൾ: അശ്വിനി, അശ്വാത (ഇരുവരും വിദ്യാർഥികൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.