ഒന്നാം ക്ലാസ്​ പ്രവേശനം; ഇതുവരെ എത്തിയത്​​ 4367 കുട്ടികൾ

സ്കൂളുകളുടെ നവീകരണവും ഫിറ്റ്​നസ്​ പരിശോധനയും നടക്കുന്നു കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, ജില്ലയിൽ ഇതു​വരെ ഒന്നാം ക്ലാസിലേക്ക്​ പ്രവേശനം നേടിയത്​ 4367 വിദ്യാർഥികൾ. വിദ്യാഭ്യാസ വകുപ്പി‍ൻെറ സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്​. കുഞ്ഞുങ്ങൾക്ക്​ ആധാർ നിർബന്ധമാണ്​. നിലവിൽ ജില്ലയിലെ സ്കൂളുകളിൽ പ്രവേശനം നേടിയ ഒരുവിഭാഗം വിദ്യാർഥികൾക്ക്​​ ആധാർ കാർഡ്​ ലഭിച്ചിട്ടില്ല. അതിനാൽ ഇവർ ഉൾ​പ്പെടാത്ത കണക്കാണിത്​. ഇനിയും വിദ്യാർഥികളുടെ എണ്ണം ഉയരുമെന്നാണ്​ വിദ്യാഭ്യാസ വകുപ്പി‍ൻെറ പ്രതീക്ഷ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ പേർ പ്രവേശനം നേടുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷ​ത്തെക്കാൾ കൂടുതൽ വിദ്യാർഥികൾ ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക്​ എത്തുമെന്നാണ്​​ വിലയിരുത്തൽ. അഞ്ച്​, എട്ട്​ ക്ലാസുകളിലേക്കും പുതിയതായി വിദ്യാർഥികൾ എത്തുന്നുണ്ട്​. അതിനിടെ, സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്​. പെയിന്‍റിങ്​ അടക്കം ജോലികൾ നടക്കുന്നു​. സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധനയും നടക്കുന്നു. 40ഓളം സ്കൂളുകൾക്ക്​ ഫിറ്റ്​നസ്​ ലഭിച്ചിട്ടുമില്ല. പരിശോധനക്കായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന സ്കൂളുകളുമുണ്ട്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്ച യോഗം ചേരും​. ഈമാസം 31ന് മുമ്പായി ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്​ സ്​കൂളുകൾക്ക്​ ലഭിച്ച നിർദേശം. ഫിറ്റ്നസ് പരിശോധനക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ ശുചീകരണം നടത്തണമെന്നും കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കണമെന്നും ഇഴജന്തുക്കളുടെ സാധ്യതയുള്ള പൊത്തുകൾ അടക്കണമെന്നും നിർദേശമുണ്ട്. മോട്ടോർ വാഹനവകുപ്പി‍ൻെറ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി ​സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനയും നടക്കുന്നു​. ----------- പാഠപുസ്തക വിതരണം പുരോഗമിക്കുന്നു ഒന്ന്​ മുതൽ 10വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണവും ജില്ലയിൽ പുരോഗമിക്കുന്നുണ്ട്​​. ജില്ല ഹബിൽനിന്ന്​ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച പുസ്തകങ്ങൾ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ്​ നൽകുന്നത്​​. ജില്ല ഹബിൽ പുസ്തകങ്ങൾ ഓരോ സൊസൈറ്റികൾക്കും കണക്കാക്കി എണ്ണിത്തിട്ടപ്പെടുത്തുന്നതും വാഹനത്തിൽ എത്തിക്കുന്നതും കുടുംബശ്രീയുടെ ചുമതലയിലാണ്. വാഹനത്തിലേക്ക് പുസ്തകങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു യൂനിയൻ തൊഴിലാളികളാണ്​. എന്നാൽ, ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. മറ്റു ക്ലാസുകളിലെ പുസ്തകങ്ങൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് എത്തിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയാൽ പുതിയ കണക്കെടുത്ത് പുസ്തകം വിതരണം ചെയ്യുമെന്നും അധ്യാപകർ പറയുന്നു. ------- അധ്യാപക ക്ഷാമം സര്‍ക്കാര്‍ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം അനുഭവപ്പെടുമെന്ന ആശങ്കയുമുണ്ട്​. സംസ്ഥാനത്ത് രണ്ടായിരത്തോളം അധ്യാപകരാണ്​ വിരമിച്ചത്​. ഈ ഒഴിവുകള്‍ ഉടൻ നികത്തിയില്ലെങ്കില്‍ ചില സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടാകും. വിരമിച്ച ഒഴിവുകളില്‍ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കോവിഡിനു മുമ്പുവരെ എല്ലാ വര്‍ഷവും കൃത്യമായി നടത്തിയിരുന്ന സ്ഥലംമാറ്റം ഇത്തവണ നടക്കാത്തതും പ്രതിസന്ധിയാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.