കോട്ടയം: എം.ജി സർവകലാശാലക്കു കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി 300 അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ബാധകമാകും. പിരിച്ചുവിട്ട തീയതി മുതൽ മുഴുവൻ വേതനവും നൽകി തിരിച്ചെടുക്കണമെന്നും നാലു മാസത്തിനകം പുനർനിയമനം നടത്തി വിവരം അറിയിക്കണമെന്നുമാണ് കോടതി ഉത്തരവ്. പിരിച്ചുവിട്ടശേഷം വിരമിച്ചവർക്ക് മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്നും ഉത്തരവിലുണ്ട്. സർവകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളിൽ നിയമനം ലഭിച്ച അധ്യാപകരെ 2017ലാണ് സെന്‍റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) സൊസൈറ്റിക്ക് കീഴിലേക്ക് മാറ്റിയത്. സ്ഥിരം, കരാർ, ഗെസ്റ്റ് എന്നിങ്ങനെ മൂന്നുതരം ജീവനക്കാരാണ് അന്നുണ്ടായിരുന്നത്. 2009ൽ കരാർ ജീവനക്കാരിലൊരാൾ കോടതിയിൽ പോയി സ്ഥിര നിയമനം നേടിയതിനെ തുടർന്ന് മറ്റ് 95 കരാർ ജീവനക്കാരും കോടതിയെ സമീപിച്ച് 2017ൽ അനുകൂല വിധി നേടി. ഈ വിധി വന്ന സമയത്താണ് ആരോഗ്യസർവകലാശാലക്ക് മാത്രമേ മെഡിക്കൽ അനുബന്ധകോഴ്സുകൾ നടത്താവൂ എന്ന വ്യവസ്ഥ വന്നത്. ഇതോടെ എം.ജി സർവകലാശാല സ്വാശ്രയകോഴ്സുകൾ നിർത്താൻ തീരുമാനിച്ചു. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി. വിഷയത്തിലിടപെട്ട സർക്കാർ സൊസൈറ്റി രൂപവത്കരിച്ച് സ്ഥാപനങ്ങളെ അതിനുകീഴിലേക്ക് മാറ്റാൻ നിർദേശിച്ചു. അതുപ്രകാരം സീപാസ് രൂപവത്കരിച്ച് സ്ഥാപനങ്ങളെയും അധ്യാപകരെയും ആസ്തിയടക്കം മാറ്റി. കേരളത്തിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ സ്വാശ്രയ സ്ഥപനങ്ങളടക്കമാണ് ഇത്തരത്തിൽ കൈവിട്ടത്. ഇതോടെ സർവകലാശാല ജീവനക്കാരായിരുന്നവർ സൊസെറ്റിക്ക് കീഴിലായി. വേതനത്തിലും ഇടിവുവന്നു. സർവകലാശാല ജീവനക്കാരായാണ് തങ്ങൾക്ക് നിയമനം നൽകിയതെന്ന കാര്യം ചൂണ്ടിക്കാട്ടി ചില അധ്യാപകർ സീപാസിൽ ചുമതലയേൽക്കാൻ തയാറായില്ല. ഇതോടെ സർവകലാശാല നടപടിക്കെതിരെ അധ്യാപകർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അധ്യാപകർക്ക് അനുകൂലമായി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സർവകലാശാല നൽകിയ ഹരജിയിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ അന്തിമവിധി വന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലായി 42 സ്ഥാപനങ്ങളും 750 ജീവനക്കാരുമാണ് സീപാസിന് ഇപ്പോഴുള്ളത്. കോടതിവിധി പഠിച്ച് നിയമവശം പരിശോധിക്കുകയാണ് സീപാസ് അധികൃതരും സർവകലാശാലയും സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷനും (എസ്.എഫ്.സി. ടി.എസ്.എ). കോടതിവിധി അനുസരിച്ച് അധ്യാപകരെ തിരിച്ചെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സർവകലാശാലയുടെ ആസ്തി തിരിച്ചുപിടിക്കണം കോട്ടയം: അഞ്ചു ജില്ലകളിലായി സർവകലാശാല സീപാസിനു കൈമാറിയ ആസ്തികൾ തിരിച്ചുപിടിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി എൻ. മഹേഷ് ആവശ്യപ്പെട്ടു. സർവകലാശാല സ്വന്തമായി വാങ്ങിയ സ്ഥലങ്ങളും കെട്ടിടങ്ങളും അടക്കമാണ് പ്രതിവർഷം 10 ലക്ഷം രൂപ നൽകണമെന്ന വ്യവസ്ഥയിൽ സീപാസിന് വാടകക്ക് നൽകിയത്. തിരിച്ചെടുക്കുന്ന അധ്യാപകർക്കു നൽകാനുള്ള തുകയും സർവകലാശാല നൽകണം. നിലവിൽ ആസ്തികൾ മുഴുവനും സീപാസിനും ബാധ്യതകൾ സർവകലാശാലക്കും എന്നതാണ് സ്ഥിതി. ആഭ്യന്തരവരുമാനം വർധിപ്പിക്കാൻ സർവകലാശാല ഒന്നും ചെയ്യുന്നില്ല. സർവകലാശാല ആസ്തികൾ വീണ്ടെടുക്കാനുള്ള പ്രക്ഷോഭങ്ങൾക്കു മുന്നിട്ടിറങ്ങുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.