കോട്ടയം: ജീവനക്കാരിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയും അടച്ചു. ഇതോടെ സംസ്ഥാനത്താകെ അടച്ചുപൂട്ടിയ ഡിപ്പോകളുടെ എണ്ണം 26 ആയി. വ്യാഴാഴ്ചയാണ് തിരുവല്ല ഡിപ്പോ അടക്കാൻ ചീഫ് ഓഫിസിൽനിന്ന് യൂനിറ്റ് അധികൃതർക്ക് നിർദേശം ലഭിച്ചത്. ഡിപ്പോ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ കെണ്ടയ്ൻമൻെറ് സോണാകുന്നതും ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നതുമാണ് അടക്കാൻ കാരണമായതെന്ന് കോർപറേഷൻ വക്താവ് അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാനത്ത് 93 ഡിപ്പോകളാണുള്ളത്. പ്രധാന ഡിപ്പോകൾ അടച്ചിടുന്ന സാഹചര്യം വരുമാനനഷ്ടത്തിന് പുറമെ യാത്രദുരിതവും സൃഷ്ടിക്കുകയാണ്. അടച്ചവയിൽ ഏറെയും ദേശസാത്കൃത റൂട്ടുകളിലെ ഡിപ്പോകളാണ്. ഈ മേഖലകളിൽ സ്വകാര്യ ബസുകൾ പരിമിതവുമാണ്. ബഹുഭൂരിപക്ഷം സ്വകാര്യ ബസുകളും സർവിസ് അവസാനിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം, പാറശാല, ആര്യനാട്, പാപ്പനംകോട്, പേരൂർക്കട, വികാസ് ഭവൻ, തിരുവനന്തപുരം സിറ്റി, വെഞ്ഞാറമ്മൂട്, പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, കൊട്ടാരക്കര, ആര്യങ്കാവ്, കുളത്തൂപ്പുഴ, കായംകുളം, അടൂർ, പത്തനംതിട്ട, ചേർത്തല, ഇരിഞ്ഞാലക്കുട, ആലുവ, പൊന്നാനി, വടകര എന്നിവയാണ് അടച്ച ഡിപ്പോകൾ. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ തീരദേശ മേഖലകളിൽ ഉൾപ്പെടുന്ന പല ഡിപ്പോകളിലും നിരവധി ജീവനക്കാർ ക്വാറൻറീനിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ആലുവ റീജനൽ വർക്ഷോപ്പും കഴിഞ്ഞദിവസം അടച്ചിരുന്നു. ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ കോർപറേഷൻ സുരക്ഷ നടപടികളും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.