മകളെ പീഡിപ്പിച്ച പിതാവിന് 21 വർഷം കഠിനതടവ്​

മുട്ടം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട്​ കേസുകളിൽ ഒന്നിൽ പിതാവിന് 21 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കാളിയാർ പൊലീസ് ചാർജ് ചെയ്ത കേസിൽ തൊടുപുഴ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫാണ്​ ശിക്ഷ വിധിച്ചത്​. ജില്ല ശിശുക്ഷേമ സമിതിയുടെ അന്വേഷണത്തിലാണ്​ കുട്ടികൾ ഒരു വർഷമായി ലൈംഗികാതിക്രമത്തിന് ഇരകളായതായി കണ്ടെത്തിയത്​. സഹോദരികളിൽ ഇളയ കുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിലാണ്​ കോടതി വിധി. മൂത്തകുട്ടിയുടെ കേസിൽ വിസ്താരം തുടങ്ങാനിരിക്കുകയാണ്​. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്​ ആറ്​ വർഷം കഠിന തടവും 25,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് ആറ്​ വർഷം കഠിന തടവും 25,000 രൂപ പിഴയും പ്രതി രക്ഷകർത്താവായതിനാൽ ആറ്​ വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്​ ശിക്ഷ. പിഴയടച്ചില്ലെങ്കിൽ എട്ട്​ മാസം കൂടി തടവ് അനുഭവിക്കണം. പ്രതി പിതാവായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറ്​ മാസം കഠിന തടവും 15,000 രൂപ പിഴയും വേറെയുമുണ്ട്​. കൂടാതെ കുട്ടിയെ ​ലൈംഗികാതിക്രമത്തിന്​ ഇരയാക്കിയതിന്​ മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും ഇതു കൂടാതെ ശിക്ഷിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കുട്ടിയുടെ ഭാവി സംരക്ഷിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി രണ്ട്​ ലക്ഷം രൂപ 30 ദിവസത്തിനകം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്​. പ്രോസിക്യൂഷന്​ വേണ്ടി പി.ബി. വാഹിദ ഹാജരായി. കുട്ടികളുടെ മാതാവ് നേരത്തേ വീടുവിട്ട് പോയിരുന്നു. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന കുട്ടികളെ സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് പീഡിപ്പിക്കുകയായിരുന്നു. കൗൺസലിങ്ങിലാണ്​ കുട്ടികൾ വിവരം വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.