കോട്ടയം: ക്ലാസ്മുറികൾ നിശ്ശബ്ദമാണെങ്കിലും പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്ക്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലായി ഇത്തവണ ഗവ, എയ്ഡഡ് സ്കൂളുകളിലേക്ക് പുതുതായി എത്തിയത് 30,083 വിദ്യാർഥികൾ. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടുമുതൽ 10വരെയുള്ള ക്ലാസുകളിലേക്കുള്ള കുട്ടികളുടെ എണ്ണം റെക്കോഡിലെത്തി. 20,038 വിദ്യാർഥികളാണ് സ്വകാര്യ വിദ്യാലയങ്ങളെ കൈവിട്ട് പൊതുവിദ്യാഭ്യാസത്തിൻെറ ഭാഗമായത്. കഴിഞ്ഞവർഷം രണ്ടുമുതൽ 10വരെയുള്ള ക്ലാസുകളിലായി പുതിയതായി എത്തിയത് 7054 കുട്ടികളായിരുന്നു. ഇതാണ് ഇത്തവണ 20,000 കടന്നത്. കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 10,045 വിദ്യാർഥികളാണ് ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. സ്കൂൾ തുറക്കുന്നതോെട ഇത് ഉയരാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബങ്ങൾ കൂട്ടമായി സ്വകാര്യ സ്കൂളുകളെ കൈവിടാൻ കാരണമെന്നാണ് സൂചന. പൊതുവിദ്യാലയങ്ങളിൽ പാഠപുസ്തകമടക്കം സൗജന്യമാണ്. എന്നാൽ, സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രൈമറി വിദ്യാർഥികളിൽനിന്ന് പാഠപുസ്തകത്തിനും നോട്ടുബുക്കുകൾക്കുമായി 2500 മുതൽ 4000 രൂപവരെയാണ് ഈടാക്കുന്നത്. കോവിഡ് കണക്കിലടുത്ത് ഫീസ് പിരിക്കരുതെന്ന് മുഖ്യമന്ത്രിയടക്കം അഭ്യർഥിച്ചിരുന്നെങ്കിലും പലയിടങ്ങളിലും പണം ഈടാക്കുന്നതായി പരാതിയുണ്ട്. പുസ്തക വിലയും പല സ്കൂളുകളിലും കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇത്തരം സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടതും രക്ഷിതാക്കളെ ആകർഷിച്ചു. ഒന്നാം ക്ലാസിനുപുറമേ, അഞ്ച്, എട്ട് ക്ലാസുകളിലേക്കാണ് കൂടുതൽ വിദ്യാർഥികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് എത്തിയത്. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതൽപേർ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത് -4160 വിദ്യാർഥികൾ. കോട്ടയം ഈസ്റ്റ്- 2599, വെസ്റ്റ്- 2236, പാമ്പാടി- 1228, കൊഴുവനാൽ- 594, ചങ്ങനാശ്ശേരി- 3487, ഈരാറ്റുപേട്ട- 2262, കറുകച്ചാൽ- 2151, പാലാ- 1836, രാമപുരം- 1530, ഏറ്റുമാനൂർ- 2224, കുറവിലങ്ങാട്- 3108, വൈക്കം- 2668 എന്നിങ്ങനെയാണ് മറ്റ് സബ് ജില്ലകളിലെ കണക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ജില്ലയിലെ സ്കൂളുകളിലെ ക്ലാസ്മുറികൾ ഹൈടെക്കാക്കിയിരുന്നു. അഞ്ചുകോടി, മൂന്നുകോടി, ഒരുകോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികളിലായി ജില്ലയിൽ 42 ഗവ. സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു. അക്കാദമിക് നിലവാരം ഉയർത്താനും വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിലടക്കമുള്ള ഉയർന്ന വിജയശതമാനവും പലരെയും സർക്കാർ മേഖലയിലേക്ക് ആകർഷിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കൂടുതൽ പദ്ധതികൾ ഈ വർഷവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഡിനേറ്റർ കെ.ജെ. പ്രസാദ്, മാണി ജോസഫ് , കൈറ്റ് ജില്ല കോഒാഡിനേറ്റർ കെ.ബി. ജയശങ്കർ, ഡയറ്റ് പ്രിൻസിപ്പൽ രാമചന്ദ്രൻ നായർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.