മൂലമറ്റം വെടിവെപ്പ് കേസ്; ഫിലിപ് വാങ്ങിയത് 20 തിരകൾ

മൂലമറ്റം: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ് മാർട്ടിൻ സുഹൃത്ത് ഷാജു സെബാസ്റ്റ്യനിൽനിന്ന്​ വാങ്ങിയത് 20 ലധികം തിരകൾ. ചിലവ് സ്വദേശിയായ കുടുക്കച്ചിറ ഷാജുവിന്‍റെ (44) അയൽവാസിയായിരുന്നു ഫിലിപ് മാർട്ടിൻ. അന്നുമുതലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫിലിപ് തിരകൾ വാങ്ങിക്കൊണ്ടിരുന്നത്. ഷാജുവിന് ലൈസൻസുള്ള തോക്കും തിരകൾ വാങ്ങാൻ അനുമതിയും ഉണ്ട്​. ഒരേസമയം 50 തിര കൈവശം സൂക്ഷിക്കാനും ഒരു വർഷം 200 തിര വാങ്ങാനുമാണ് അനുമതി. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഷാജു നിയമാനുസൃതം 200ഓളം തിര വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 20ഓളം തിരയാണ് ഫിലിപ് വാങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഷാജുവിനെ അറസ്റ്റ് ചെയ്തത്. കൈമാറ്റം ചെയ്യാൻ പാടില്ലാത്ത സ്​ഫോടകവസ്തുവായ തിരകൾ ഫിലിപ്പിന് നൽകി എന്നതാണ് ഷാജുവിനെതിരായ കുറ്റം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ഇതിനിടെ, ഷാജുവിനെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമുണ്ടായ ശ്രമം ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. വെടിവെക്കാൻ ഉപയോഗിച്ച തോക്കിലെ തിരകൾ വാങ്ങിയത് തമിഴ്നാട്ടിലെ നല്ലതമ്പിയിൽനിന്നാണെന്നും കർണാടക ശക്തിമാൻ കമ്പനിയുടേതാണെന്നും ഫിലിപ് ആദ്യം മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പൊലീസ് സംഘത്തെ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കുമായി അയച്ചു. എന്നാൽ, കസ്റ്റഡിയിൽ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലാണ് തിര വാങ്ങിയത് ചിലവ് സ്വദേശി ഷാജുവിൽനിന്നാണെന്ന്​ വെളിപ്പെടുത്തിയത്​. അഞ്ച്​ ദിവസത്തേക്ക്​ കസ്റ്റഡിയിൽ ലഭിച്ച ഫിലിപ്പിനെ തെളിവെടുപ്പ് പൂർത്തിയാക്കി ചൊവ്വാഴ്ച തിരികെ നൽകി. വെടിവെക്കാനുപയോഗിച്ച തോക്ക് നൽകിയ കരിങ്കുന്നത്തെ ഇരുമ്പ് പണിക്കാരന്‍റെ വീട്ടിലും ഫിലിപ്പിന്‍റെ വീട്ടിലും വെടിവെപ്പ് നടന്ന അശോക കവലയിലെ തട്ടുകടയിലും എ.കെ.ജി കവലയിലും എത്തിച്ച് തെളിവെടുത്തിരുന്നു. tdl mltm 2 അറസ്റ്റിലായ ഷാജു സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.