കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 123 കിലോ കഞ്ചാവ്​ പിടിച്ചു; അഞ്ചുപേർ അറസ്റ്റിൽ

കുമളി: സംസ്ഥാന അതിർത്തിയിലെ കാട്ടിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അരക്കോടിയിലധികം രൂപ വിലയുള്ള 123 കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 17കാരൻ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കൊണ്ടുവരാൻ ഉപയോഗിച്ച രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തേനി ജില്ലയിലെ കമ്പത്തുനിന്ന്​ സംസ്ഥാന അതിർത്തിയിലെ വനമേഖലയായ മണികെട്ടി ആൽമരം വഴിയാണ് കുമളിയിലേക്കും ഇവിടെനിന്ന്​ കൊച്ചിയിലേക്കും കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. കഞ്ചാവ് ചാക്കിൽ കെട്ടി തലച്ചുമടായും ബൈക്കിലും കൊണ്ടുവരുകയായിരുന്ന തേനി കോമ്പൈ സ്വദേശികളായ അൻപ് (25), സഞ്​ജയ് കുമാർ (21), ചെന്നൈ സ്വദേശികളായ രഞ്ജിത് (26), സുബ്രഹ്മണ്യം (21), ഇവർക്കൊപ്പം ഉണ്ടായിരുന്ന 17കാരൻ എന്നിവരെയാണ് ഇൻസ്പെക്ടർ ശരവണന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽനിന്ന്​ എത്തിച്ച കഞ്ചാവ് തേനിയുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച ശേഷം കൊച്ചിയിലെ ആവശ്യക്കാരന് വില പറഞ്ഞ്​ ഉറപ്പിച്ച്​ എത്തിച്ചുനൽകാൻ തയാറെടുക്കവെയാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.