പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും

ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും. എരുമേലി ചെറുവേലി വട്ടത്തുവേലില്‍ സോമനെയാണ്​ (53) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്​. തടവിനു പുറമെ അഞ്ചു ലക്ഷം പിഴയും വിധിച്ചു. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സംരക്ഷിക്കാമെന്ന്​ വാഗ്ദാനം ചെയ്ത്​ പീഡിപ്പിച്ചെന്നായിരുന്നു കേസ്​. നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതിനൊടുവിൽ അതിജീവിത ഗര്‍ഭിണിയായി. പിന്നീട് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.എന്‍.എ അടക്കം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും അവ പ്രതിക്കെതിരെ ഹാജരാക്കുകയും ചെയ്തു. അന്നത്തെ എരുമേലി എസ്.എച്ച്.ഒ മനോജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്​. മനോജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.