പ്രതിഷേധ സംഗമവുമായി പ്രളയബാധിതർ

കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ജനം 16ന്​ തെരുവിലിറങ്ങും കൂട്ടിക്കൽ: പ്രളയബാധിത മേഖലകളായി സർക്കാർ പ്രഖ്യാപിച്ച കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മേയ് 16ന് കൂട്ടിക്കൽ ചപ്പാത്തിൽ പ്രതിഷേധ സംഗമം നടത്താൻ പ്രളയ ദുരിത ബാധിതരുടെ അതിജീവനക്കൂട്ടായ്മ യോഗം തീരുമാനിച്ചു. പ്രളയ ദുരന്തമുണ്ടായി ആറുമാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്​. വീടുകൾ തകർന്നവരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. തകർന്ന പാലങ്ങളിൽ ചിലത് ജനങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിച്ചതല്ലാതെ സർക്കാർ നടപടിയുണ്ടായിട്ടില്ല. ഇളംകാട് ടോപ്പ് നിവാസികൾക്ക് ഇപ്പോഴും ഓട്ടോറിക്ഷ തന്നെയാണ് ആശ്രയം. സ്കൂൾ വിദ്യാർഥികൾ രാവിലെയും വൈകീട്ടും ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇളംകാട് ടോപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻകട പ്രളയത്തെ തുടർന്ന് ഇളംകാട്ടിലേക്ക്​ മാറ്റിയതും പാചകവാതക സിലിണ്ടർ വാഹനം ടോപ്പിലേക്ക്​ വരാത്തതും ദുരിതം വർധിപ്പിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമായ കൂട്ടിക്കൽ സർക്കാർ ആശുപത്രിയെ 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഇളംകാട്, വെംബ്ലി റൂട്ടുകളിലേക്ക് കെ.എസ്​.ആർ.ടി.സി സർവിസുകൾ നടത്തി ഈ മേഖലകളിലെ യാത്രക്ലേശം പരിഹരിക്കണമെന്നും അതിജീവന കൂട്ടായ്മ യോഗം പ്രമേയത്തിലൂടെ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ബെന്നി ദേവസ്യ അധ്യക്ഷതവഹിച്ചു. ഗോപി മാടപ്പാട്ട്, വി.പി. കൊച്ചുമോൻ, സാജൻ കെ.എസ്, ഷാജൻ കായാപ്പള്ളിൽ, റഷീദ, കെ.പി. മായാമോൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.