കർഷകരുടെ കണക്ക് തെറ്റിച്ച് റബർ വില താഴേക്ക്​

കോട്ടയം: വില ഉയരുമെന്ന കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്​ റബർ വില താഴേക്ക്​. ആർ.എസ്‌.എസ്‌ നാല്​ റബറിന്‌ കിലോക്ക്​ കഴിഞ്ഞയാഴ്‌ച 172 രൂപയായിരുന്നു. എന്നാൽ, തിങ്കളാഴ്ച ഇത്​ 167 രൂപയിലേക്ക് താഴ്‌ന്നു. ഒരുമാസംമുമ്പ്‌ വില 180 രൂപവരെയെത്തിയിരുന്നു. ഉൽപാദനം സജീവമാകാത്തതിനാൽ വില ഉയരുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. വൻകിട കമ്പനികൾ റബർ വാങ്ങാതെ വിട്ടുനിൽക്കുന്നതാണ്​ വിലകുറയാൻ പ്രധാനകാരണം. ടാപ്പിങ്​ സജീവമാകുന്നതോടെ കൂടുതൽ റബർ വിപണിയിലെത്തുമെന്ന കണക്കുകൂട്ടലിൽ വില പരമാവധി താഴ്‌ത്തിവാങ്ങാൻ ലക്ഷ്യമിട്ടാണ്​ ടയർകമ്പനികളുടെ വിട്ടുനിൽക്കൽ നീക്കം. ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ കൈയിലിരുന്ന റബർ വലിയതോതിൽ വിറ്റഴിച്ചിരുന്നു. കുറഞ്ഞവിലയ്​ക്കും വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഇതും കമ്പനികൾ മുതലെടുത്തു. തുടർച്ചയായി പെയ്യുന്ന മഴയും കർഷകർക്ക്​ വെല്ലുവിളിയായി. വൻകിട വ്യാപാരികൾ ഏപ്രിൽ, മേയ്‌ മാസങ്ങളിലേക്ക്‌ റബർ ശേഖരം കരുതിവെക്കാറുണ്ട്‌. മഴ തുടർച്ചയായി പെയ്യുന്നത്‌ ശേഖരിച്ച ഷീറ്റ്​ റബറിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ വ്യാപാരികൾ ഇത്‌ വിപണിയിലെത്തിച്ചത്‌ വിലയിടിവിന്‌ കാരണമായി. നവംബർ,ഡിസംബർ മാസങ്ങളിൽ ലാറ്റക്‌സ്‌ വില ഉയർന്ന നിലയിലായിരുന്നു. ഇതിൽ മാറ്റം വന്നതോടെ കർഷകരിൽ പലരും ഷീറ്റാക്കി വിൽക്കാൻ തുടങ്ങി. അതിനിടെ, ടാപ്പിങ്​ പൂർണതോതിലാക്കാമെന്ന കർഷകരുടെ പ്രതീക്ഷകളും താളംതെറ്റിയ​. വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍, എല്ലാ ദിവസവും വൈകീട്ട് അതിശക്ത മഴ പെയ്യുന്നതിനാല്‍ ഇത്​ സാധ്യമായിട്ടില്ല. മഴ തുടരുന്നതിനാൽ പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കാനുള്ള തയാറെടുപ്പുകളും കർഷകർ തുടങ്ങിയിട്ടുണ്ട്​. എന്നാല്‍, പ്ലാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം കര്‍ഷകരെ പിന്നോട്ടു നയിക്കുകയാണ്. പശക്കും പ്ലാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നു. 25 കിലോയുടെ ഒരു കുറ്റി പശക്ക്​ നേരത്തേ 1125 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1480 രൂപയായി. പ്ലാസ്റ്റിക് വില കിലോക്ക്​ 180 രൂപയായി. കഴിഞ്ഞ സീസണില്‍ 150 രൂപയായിരുന്നു. ചില്ലിനും ടാപ്പിങ്ങ് കത്തിക്കും 20 ശതമാനം വരെയാണ്​ വിലക്കയറ്റം. സാധാരണ ഈ സമയങ്ങളില്‍ മലയോരത്തെ തോട്ടങ്ങളില്‍ 60-75 ശതമാനംവരെ ജോലികള്‍ പൂര്‍ത്തിയാകുന്നതാണ്. എന്നാല്‍, ഇത്തവണ കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡിങ്ങിലെ ചെലവു വര്‍ധനയോര്‍ത്ത് മടിച്ചു നില്‍ക്കുകയാണ്. റബറിന് വളപ്രയോഗം നടത്തേണ്ട കാലമാണിതെങ്കിലും രാസ, ജൈവ വിലയിലെ വര്‍ധനയും കര്‍ഷകര്‍ക്ക് ദോഷകരമായി. ചാണകത്തിന്‍റെ വില വര്‍ധിച്ചതും പലയിടങ്ങളിലും കിട്ടാനില്ലാത്തതും വളപ്രയോഗം വൈകുന്നതിന്​ കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.