കെ.ഡി.എച്ച്.പിക്ക് കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ

മൂന്നാർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില വ്യവസായ സ്ഥാപനമായ മൂന്നാറിലെ കെ.ഡി.എച്ച്.പി കമ്പനിക്ക്​ കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷനും കാർബൺ നെറ്റ് നെഗറ്റിവ് എമിഷൻ പദവിയും ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ വൻകിട തേയിലത്തോട്ടം മേഖലയിൽനിന്ന്​ കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ കമ്പനിയെന്ന ബഹു​മതിയും കെ.ഡി.എച്ച്.പിക്കാണ്​. നോർവേയിലെ നാൻസെൺ ഗ്രൂപ് അംഗമായ നാൻസെൺ എൻവയൺമൻെറ് റിസർച് സൻെറർ (ഇന്ത്യ) ഒമ്പതു മാസമായി മൂന്നാറിലെ തോട്ടങ്ങളിൽ ഇത് സംബന്ധിച്ച്​ വിശദമായ ശാസ്ത്രീയപഠനങ്ങൾ നടത്തിയിരുന്നു. കെ.ഡി.എച്ച്.പിയുടെ ആവാസവ്യവസ്ഥയിൽനിന്ന്​ ആഗിരണം ചെയ്യുന്ന മൊത്ത കാർബണിന്‍റെ അളവ് അത് പുറത്തുവിടുന്നതിനെക്കാൾ നാലു​ മടങ്ങ് കൂടുതലാണെന്ന് നാൻസെണിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടിഷ് സ്റ്റാൻഡേർഡ് ഇൻസ്‌റ്റിറ്റ്യൂഷന്‍റെ പി.എ.എസ്​ 2060 മാനദണ്ഡമാക്കിയാണ് കെ.ഡി.എച്ച്​.പിയുടെ കാർബൺ പൂൾ വിലയിരുത്തിയത്. ആവാസവ്യവസ്ഥയുടെ എല്ലാ വശങ്ങളിൽനിന്നും കാർബണിന്റെ ആഗിരണം കണക്കാക്കാൻ ബഹുമുഖ സമീപനമാണ് സ്വീകരിച്ചത്. ഇതേ പഠനത്തിൽ കെ.ഡി.എച്ച്.പിയുടെ ഭൂപ്രകൃതിയിൽനിന്ന്​ പ്രതിവർഷം ഏകദേശം 3.9 ലക്ഷം ടൺ ഓക്സിജൻ പുറത്തുവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാമീണ സമ്പദ്​വ്യവസ്ഥയുടെ ഉന്നമനത്തിന് തോട്ടം വ്യവസായം പ്രധാന പങ്കുവഹിക്കുന്നതായി കെ.ഡി.എച്ച്.പി മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ കെ. മാത്യു എബ്രഹാം പറഞ്ഞു. റിപ്പിൾ ടീ എന്ന ബ്രാൻഡിന്‍റെ ഉൽപാദകരായ കെ.ഡി.എച്ച്.പിയിൽ പതിനായിരത്തിലധികം തൊഴിലാളികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.