കോവിഡ്: ജാഗ്രത കൈവിടരുത്​ –മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി നടത്തിയ യോഗത്തിനുശേഷം പത്തനംതിട്ട കലക്ടറേറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കേസുകളില്‍ കേരളത്തില്‍ വര്‍ധനയില്ല. എറണാകുളം ജില്ലയില്‍ മാത്രം നേരിയ വര്‍ധനയുണ്ട്. മറ്റു ജില്ലകളില്‍ കോവിഡ് കേസുകളില്‍ സ്ഥിരതയാണുള്ളത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കില്‍ വര്‍ധന ഉണ്ടാകുന്ന സ്ഥിതിയില്‍ സംസ്ഥാനത്തെ സാഹചര്യം പൊതുവെ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലതലത്തിലും സംസ്ഥാനതലത്തിലും കോവിഡ് സ്ഥിതി കൃത്യമായി അവലോകനം ചെയ്തു വരുന്നുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ടുള്ള മുന്‍കരുതല്‍ ഡോസ് വളരെ പ്രധാനപ്പെട്ടതാണ്. മൂന്നാം തരംഗത്തില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡ് മരണം കൂടുതല്‍ സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ശക്തമായ ബോധവത്കരണം ജില്ല, സംസ്ഥാനതലങ്ങളില്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്​ കുട്ടികളെ കൂടുതലായി വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള പ്രേരണക്കായി ബോധവത്കരണം നടത്തും. പുതിയ വേരിയന്റുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ടെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഇത് ശരിയല്ല. വിട്ടുവീഴ്ച കൂടാതെ എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പൊതുയിടങ്ങളില്‍ സമൂഹ അകലം പാലിക്കണം. സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും വാക്‌സിനേഷന്‍ തുടര്‍ന്നും നടത്തും. കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.