നഗരസഭ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയണമെന്നാവശ്യം ശക്തം

ഈരാറ്റുപേട്ട: അപകടഭീഷണി ഉയർത്തുന്ന ഈരാറ്റുപേട്ട ടൗണിലെ നഗരസഭ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയണമെന്നാവശ്യം ശക്തമാകുന്നു. ഏറെ പഴക്കമുള്ള നഗരസഭ ബസ്​സ്റ്റാൻഡ് ഈരാറ്റുപേട്ടയുടെ മുഖമുദ്ര കൂടിയാണ്. ബസ് സ്റ്റാൻഡ് കം ഷോപ്പിങ്​ സെന്‍ററിൽ 20 ഓളം കടമുറികളുണ്ട്. ഏഴുമാസം മുമ്പ് ഈ സ്റ്റാൻഡ് പുനർനിർമിക്കാൻ തറക്കല്ലിട്ടതാണ്. എന്നാൽ, നഗരസഭ പിന്നീട്‌ ഒരു നടപടിയിലേക്കും നീങ്ങിയില്ലെന്ന് ആക്ഷേപം നിലവിലുണ്ട്. 42 വർഷം പഴക്കമുള്ള സ്റ്റാൻഡ് കെട്ടിടം എതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടം താങ്ങിനിർത്തുന്ന പല തൂണുകളുടെ കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞ് നിൽക്കുന്നു. മുകളിലെ കോൺക്രീറ്റുകളിലെ കമ്പികൾ തുരുമ്പിച്ച് തീർന്നു. മേൽക്കൂരയിലും ഭിത്തിയിലുമെല്ലാം വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. കുറെ നാളുകൾക്ക് മുമ്പ് ഒരു യാത്രക്കാരിയുടെ ദേഹത്ത് കോൺക്രീറ്റ് അടർന്നുവീണ് പരിക്കേറ്റിരുന്നു. യാത്രക്കാരുടെ തലയിൽ കോൺക്രീറ്റ് പാളികൾ വീഴാതിരുക്കുവാൻ കോൺക്രീറ്റിന്‍റെ അടിവശത്ത് പ്ലാസ്റ്റിക് ഗാർഡൻ നെറ്റ് ഇപ്പോൾ ഇട്ടിരിക്കുകയാണ്. നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രകാരുമാണ് ദിവസവും ഈ സ്റ്റാൻഡിൽ എത്തുന്നത്. അപകടഭീഷണി ഉയർത്തുന്ന സ്റ്റാൻഡ് ഉടൻതന്നെ പുതുക്കിപ്പണിയണമെന്നാണ്​ നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. പടം ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.