മഴയിൽ ചോർന്നൊലിച്ച് വെള്ളാവൂർ പഞ്ചായത്ത് ഓഫിസ്

മണിമല: അത്യാധുനിക സൗകര്യങ്ങളോടെ പ്രാദേശിക സർക്കാറുകളായ ഗ്രാമപഞ്ചായത്തുകളുടെ ആസ്ഥാന മന്ദിരങ്ങൾ തല ഉയർത്തി നിൽക്കുമ്പോൾ വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ. കാലപ്പഴക്കത്താൽ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും അടർന്നുവീഴാറായ നിലയിലാണ്. മഴക്കാലമായാൽ പിന്നെ കെട്ടിടത്തിന്‍റെ മേൽക്കൂര പടുത ഇട്ട് മൂടി കെട്ടിയിരിക്കുകയാണ്. വെള്ളാവൂർ പഞ്ചായത്തിന്‍റെ ഭൂരിഭാഗവും ഗ്രാമീണ മേഖലയാണ്. കറുകച്ചാൽ-മണിമല റോഡിൽ നാല്​ കിലോമീറ്റർ ഭാഗമാണ് വെള്ളാവൂർ പഞ്ചായത്തിന്‍റെ റോഡിനോട് ചേർന്ന പ്രധാനഭാഗം. ബാക്കിയുള്ളതെല്ലാം ഗ്രാമീണ റോഡുകളാണ്. മണിമല ബസ് സ്റ്റാൻഡ്, ടൗൺ എന്നിവ സ്ഥിതിചെയ്യുന്നത് വെള്ളാവൂർ പഞ്ചായത്തിലാണ്. ഇവിടെനിന്നുള്ള വരുമാനമാണ് പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട്. തനത് ഫണ്ടിന്‍റെ ലഭ്യത മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ കുറവാണ്.13 - വാർഡുകൾ മാത്രമുള്ള പഞ്ചായത്ത് ഇത്തവണ പഴയ പഞ്ചായത്ത് കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിക്കായി 19 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനാൽ എം.എൽ.എ, എം.പി ഇവരിലാരെങ്കിലും സഹായിക്കാതെ വെള്ളാവൂർ പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുക ബുദ്ധിമുട്ടാണ്. ബസ് സ്റ്റാൻഡിൽ വ്യാപാര സമുച്ചയം നിർമിക്കുമ്പോൾ അതിലൊരുഭാഗം പഞ്ചായത്ത് ഓഫിസിനായി ഉപയോഗിക്കാമെന്ന നിർദേശം മുമ്പ്​ ഉണ്ടായിരുന്ന ഭരണസമിതി ഉപേക്ഷിച്ചതാണ്. പുതിയ ആസ്ഥാനമന്ദിരം നിർമിക്കുന്നതിന് 50 ലക്ഷം രൂപ കണ്ടെത്തുമെന്നും ബാക്കി തുക അനുവദിക്കാമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞിട്ടുണ്ടെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്. ശ്രീജിത് പറഞ്ഞു. KTL VZR 1 Vellavor Panchayath ചിത്രവിവരണം വെള്ളാവൂർ പഞ്ചായത്ത് ഓഫിസിന്‍റെ മേൽക്കൂര മഴയെത്തുടർന്ന് പടുതയിട്ട് മൂടിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.