റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​​ ഓമല്ലൂർ ശങ്കരന് പരിക്ക്

പത്തനംതിട്ട: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്അപ്​ വാനിടിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരന് പരിക്കേറ്റു. തലക്ക്​ സാരമായി പരിക്കേറ്റ അദ്ദേഹത്തെ വിദഗ്​ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യ സി.ടി സ്കാനിങ്ങിൽ തലക്കുള്ളിൽ നേരിയ പൊട്ടൽ കണ്ടെത്തി. വൈകീട്ട് നടന്ന രണ്ടാമത്തെ സ്കാനിങ്ങിൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂക്കിന്‍റെ പാലത്തിൽ ഉരഞ്ഞ പാടുകളുണ്ട്. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ഏഴ് വിദഗ്​ധ ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഞായറാഴ്ച രാവിലെ 11ഓടെ പത്തനംതിട്ട സെന്‍റ്​ പീറ്റേഴ്സ് ജങ്​ഷനിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്ത് പുറത്തേക്കിറങ്ങി വാഹനത്തിൽ കയറാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേഡിയം ഭാഗത്തുനിന്ന് സെന്‍റ്​ പീ​റ്റേഴ്സ് ജങ്​ഷനിലേക്കെത്തിയ പിക്​അപ്​ വാൻ മറ്റൊരു വണ്ടിയെ മറികടന്ന്​ ഇടതു വശത്തേക്ക് കയറിയപ്പോഴാണ് ഓമല്ലൂർ ശങ്കരനെ ഇടിച്ചുവീഴ്ത്തിയത്. പ്രവർത്തകർ അദ്ദേഹത്തെ തൊട്ടടുത്ത ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജും നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈനും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി. മന്ത്രിയുടെ നിർദേശ പ്രകാരം വിദഗ്​ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഓടി കടന്നുകളഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.