പായസപ്രേമികളേ ഇതിലേ.. ഇതിലേ...

വി പോസിറ്റിവ്​​ കോട്ടയം: പായസം പ്രിയമല്ലാത്ത മലയാളികൾ കുറവാണ്​. ഓണത്തിനും വിഷുവിനും ജന്മദിനാഘോഷങ്ങൾക്കുമെല്ലാം പായസം ഒഴിവാക്കാൻ സാധിക്കില്ല. പായസ​പ്രേമികൾക്കായി നഗരത്തിൽ എസ്​.എച്ച്​ മൗണ്ട്​ റോഡിനടുത്തായി ഒരു 'പായസക്കട'യുണ്ട്​. വടവാതൂർ സ്വദേശിനി ദീപ്തിയുടെ നേതൃത്വത്തിലുള്ള 'ടേസ്റ്റ്​ ട്രീസ്​ പായസക്കട' യാണിത്​. സഹായത്തിനായി അമ്പിളിയുമുണ്ട്​. എറണാകുളം ജില്ലയിൽ മൂന്ന്​ വർഷം മുമ്പ്​ ദീപ്തിയുടെ സഹോദരി ആരംഭിച്ച സംരംഭമാണ് ടേസ്റ്റ്​ ട്രീസ്​ പായസക്കട. അവിടെ വൻവിജയമായതോടെ കോട്ടയത്ത്​ ഒരുയൂനിറ്റ്​ ആരംഭിക്കാം എന്ന തീരുമാനവുമായാണ്​ പായസക്കട ആരംഭിച്ചത്​. സീസൺ അടുക്കുമ്പോൾ മാത്രമേ പായസത്തെ ജനങ്ങൾ തേടിവരൂ എന്ന ചിന്ത ദീപ്​തിക്ക്​ പാടേ മാറി. ദിവസേന പായസത്തിനായി സമീപിക്കുന്നവർ ധാരാളം. ഒന്നര വർഷമായി പായസക്കട ഇവിടെ ​പ്രവർത്തിക്കുന്നുണ്ട്​. കഴിഞ്ഞുപോയ ഓണത്തിനും വിഷുവിനും കൂടാതെ മറ്റ്​ വിശേഷദിവസങ്ങളിലുമായി പായസം മികച്ച രീതിയിൽ വിൽപന നടന്നിരുന്നു. ഓൺലൈനായും നേരിട്ടും പായസം വാങ്ങാനെത്തുന്നവർ നിരവധിയാണ്​. പാലട, പരിപ്പ്​, അടപ്രഥമൻ, ഗോതമ്പ്​, മുളയരി, സേമിയ, പഴംപ്രഥമൻ, ഫ്രഷ്​ ഫ്രൂട്​സ്​ മിക്സ്​ പായസം തുടങ്ങി 20 തരത്തിൽ പായസങ്ങൾ ഇവിടെ ലഭിക്കും. ലിറ്ററിന്​ 270 രൂപ, അരലിറ്ററിന്​ 140 രൂപ, ഒരു ഗ്ലാസിന്​ 40 രൂപ എന്നിങ്ങനെയാണ്​ വിലനിലവാരം. ഉണ്ണിയപ്പം, ചിപ്സ്​ പോലുള്ള ഹോംമെയ്​ഡ്​ സ്നാക്സുകളും ഇവിടെ ലഭിക്കും. തുടക്കത്തിൽ വലിയ കച്ചവടം ഉണ്ടായിരുന്നില്ല. ബാക്കി വന്നതൊക്കെ കളയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാൽ, തോറ്റുകൊടുക്കാൻ തയാറായില്ല, നന്നായി റിസ്ക്​ എടുത്തു. അതുകൊണ്ടുതന്നെ പായസക്കട അത്യാവശ്യം വിജയത്തിലാക്കാൻ സാധിച്ചതിന്‍റെ ആഹ്ലാദത്തിലാണ്​ ദീപ്തി. ദീപ്​തിയുടെ ഭർത്താവ്​ അനന്ദകൃഷ്ണൻ കൊട്ടാരക്കരയിൽ കാറ്ററിങ്​ സ്ഥാപനം നടത്തുന്നു. വിഷ്ണുവും കൈലാസുമാണ്​ മക്കൾ. നഗരത്തിൽ ഇനിയും പായസക്കടയുടെ യൂനിറ്റുകൾ തുടങ്ങാനുള്ള പ്ലാനിലാണ്​ ദീപ്തിയും സംഘവും. - പടം: KTG Payasakkada എസ്​.എച്ച്​ മൗണ്ട്​ റോഡിനടുത്ത്​ പ്രവർത്തിക്കുന്ന പായസക്കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.