'സൃഷ്ടി' പ്രദർശനം തിങ്കളാഴ്ച മുതൽ

കോട്ടയം: പത്താമുട്ടം സെന്‍റ്​ ഗിറ്റ്സ് എൻജിനീയറിങ്​ കോളജി‍ൻെറ നേതൃത്വത്തിലെ 'സൃഷ്ടി' അഖിലേന്ത്യ എൻജിനീയറിങ്​ പ്രോജക്​ട്​ പ്രദർശനം ഈമാസം 25, 26 തീയതികളിൽ ​ കാമ്പസിൽ നടക്കും. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രദർശനത്തി‍ൻെറ എട്ടാമത് എഡിഷനാണ് നടക്കുന്നത്​. 'സാങ്കേതികവിദ്യ പാർശ്വവത്​കരിക്കപ്പെട്ടവർക്കായ്' എന്നതാണ് പ്രദർശനവിഷയം. പാർശ്വവത്​കരിക്കപ്പെട്ടവരെ സമൂഹത്തി‍ൻെറ മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടിത്തങ്ങളായിരിക്കും മുഖ്യ ആകർഷണം. അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷ സംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യൂണിക്കേഷൻ ആൻഡ്​ മൊബിലിറ്റി, ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക് സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജക്ടുകളാണ് പ്രദർശിപ്പിക്കുകയെന്ന്​ സംഘാടകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് 'ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്​' നൽകും. ഒരുലക്ഷം രൂപയാണ്​ സമ്മാനത്തുക. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി പ്രദർശനം കാണാം. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള 'സമീക്ഷ' പോസ്റ്റർ പ്രസന്‍റേഷൻ മത്സരം 26ന് നടക്കും. വാർത്തസമ്മേളനത്തിൽ 'സൃഷ്ടി 2022' ചീഫ് സ്റ്റാഫ് കോഓഡിനേറ്റർ ഡോ. എം. സുരേഷ് ബാബു, കോകോഓഡിനേറ്റർ ഡോ. അരുൺ മധു, സ്റ്റുഡന്‍റ്​ കോഓഡിനേറ്റർമാരായ ദിയ സാറാ പോൾ, കെ.എസ്. അർജുൻ, പബ്ലിക് റിലേഷൻസ് ഓഫിസർ ടോം ദാസ്, മീഡിയ കണ്‍വീനർ ബി. വിനയകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.