എക്സിക്യൂട്ടിവ് ഡയറക്ടർ അധ്യാപ​കരെ പിരിച്ചുവിട്ടത്​ നിയമാനുസൃതമല്ല -ബാലഭവൻ സംരക്ഷണ സമിതി

കോട്ടയം: ജവഹർ ബാലഭവൻ നിലവിലെ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അധ്യാപകരുടെ അനിശ്ചിതകാലസമരം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്നും ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ വാർത്തസ​​മ്മേളനത്തിൽ ആവശ്യപ്പെട്ടു. കെട്ടിടം പബ്ലിക് ലൈബ്രറിയുടെ സ്വത്താണെന്നും ജവഹർ ബാലഭവൻ 51 വർഷമായി വാടക നൽകുന്നില്ല എന്നുമാണ് പബ്ലിക് ലൈബ്രറി അവകാശപ്പെടുന്നത്​. ജവഹർ ബാലഭവൻ മാറ്റിയാൽ ഒരേക്കർ 13 സെന്റ് സ്ഥലത്ത് വ്യാപാര സമുച്ചയങ്ങൾ പണിത് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും വർഷം 18 ലക്ഷം രൂപ ഗ്രാൻഡ് ലഭിക്കുന്നതുമായ സ്ഥാപനമാണ് ജവഹർ ബാലഭവൻ. ഭരണം നടത്തുന്നത്​ സർക്കാറിന്റെ അഞ്ചു പ്രതിനിധികളും പബ്ലിക് ലൈബ്രറിയുടെ അഞ്ചു പ്രതിനിധികളും അടങ്ങുന്ന ബോർഡാണ്. 2017 വരെ കലക്ടർ അടങ്ങുന്ന അഞ്ചു ഉദ്യോഗസ്ഥർ പ്രതിനിധികളായിരുന്നു. 2017 മുതൽ പൊതുപ്രവർത്തകരായ അഞ്ചുപേരെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജവഹർ ബാലഭവന്റെ തുടർപ്രവർത്തനങ്ങൾക്ക് ഈ പത്തുപേരടങ്ങുന്ന കമ്മിറ്റി നിരന്തരം കൂടി മിനിറ്റ്സ് രേഖപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് വ്യവസ്ഥ. സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്​ പബ്ലിക് ലൈബ്രറിയുടെ അഞ്ചുപേരിൽ ഒരാളായ എക്സിക്യൂട്ടിവ് ഡയറക്ടറാണ്. അത് പ്രഫ. മാടവന ബാലകൃഷ്ണപിള്ള ആയിരുന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ നിയമാനുസൃതമായി കമ്മിറ്റി കൂടാതെ ഏകാധിപത്യ സ്വഭാവത്തോടെ പബ്ലിക് ലൈബ്രറി പ്രസിഡന്‍റിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങുന്ന വി. ജയകുമാറിനെ എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിച്ചു. ഇദ്ദേഹമാണ് 40 വർഷത്തിലധികമായി അധ്യാപന രംഗത്ത് നിൽക്കുന്ന പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ് എന്നിവരെ പിരിച്ചുവിട്ടത്. ഈ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. നിയമാനുസൃതമല്ലാതെ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം. 1986 മുതൽ ഇതുവരെ പിരിഞ്ഞു പോയിട്ടുള്ള അധ്യാപകരുൾപ്പെടെ എല്ലാവർക്കും ശമ്പളത്തിന്റെ മടക്കി കിട്ടാനുള്ള 20 ശതമാനം പബ്ലിക് ലൈബ്രറി ഉൾപ്പെടുന്ന ഭരണസമിതി നൽകണം. 2016 മുതൽ ജവഹർ ബാലഭവന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും എക്സിക്യൂട്ടിവ് ഡയറക്ടർ നിയമനത്തിലും സമഗ്ര അന്വേഷണം സർക്കാർ ഏജൻസികളെ കൊണ്ട് നടത്തണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംരക്ഷണ സമിതി പ്രസിഡന്‍റ്​ മുനിസിപ്പൽ കൗൺസിലർ എസ്. ജയകൃഷ്ണൻ, കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, ഉപേന്ദ്രനാഥ് വി.ജി. എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.